Kerala

‘രോഹിത് മാനസികമായി അൽപ്പം ക്ഷീണിതനാണ്’; ഇന്ത്യൻ നായകനെക്കുറിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ

മോശം ഫോമിലുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് ഐപിഎല്ലിലും റൺസ് കണ്ടെത്താനാകുന്നില്ല എന്നത് നിഷേധിക്കാനാവില്ല. ഈ സീസണിൽ ഒരു അർധസെഞ്ച്വറി മാത്രമാണ് മുംബൈ ഇന്ത്യൻസ് നായകന് നേടാനായത്. കൂടാതെ അഞ്ച് തവണ ചാമ്പ്യൻമാരായ എംഐ ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നാല് തോൽവികൾ ഏറ്റുവാങ്ങി. നിലവിൽ 10 ടീമുകളുടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രോഹിതിന്റെ മുംബൈ ഇന്ത്യൻസ്.

ഇപ്പോഴിതാ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ജോലിഭാരത്തെക്കുറിച്ച് പറയുകയാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. ഗ്രേഡ് ക്രിക്കറ്റർ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് വാട്‌സന്റെ പ്രസ്താവന. ക്രിക്കറ്റ് ഷെഡ്യൂൾ ശരിയായി കൈകാര്യം ചെയ്യാൻ രോഹിത്തിന് കഴിയുന്നില്ല. ഇന്ത്യൻ നായകൻ മാനസികമായി അൽപ്പം ക്ഷീണിതനാണെന്നും വാട്‌സൺ അഭിപ്രായപ്പെട്ടു.

“അന്താരാഷ്ട്ര താരങ്ങൾ ധാരാളം ക്രിക്കറ്റ് കളിക്കാറുണ്ട്, എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വർഷം മുഴുവൻ ക്രിക്കറ്റ് കളിക്കുന്നവരാണ്. നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാണ് രോഹിത്. ഇക്കാരണത്താൽ, അദ്ദേഹം അമിതമായി ജോലി ചെയ്യുന്നു. അദ്ദേഹം ക്ഷീണിതനായി കാണപ്പെടുന്നുണ്ടെങ്കിൽ അത് ഈ അമിത ജോലിഭാരം മൂലമാണ്.” – വാട്‌സൺ പറഞ്ഞു.

“അദ്ദേഹം മികച്ച ഒരു കളിക്കാരനാണ്. ഫോമിലുള്ളപ്പോൾ, ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെ പറപ്പിക്കാൻ ശേഷിയുള്ളവനാണ് അദ്ദേഹം. എന്നാൽ കഴിഞ്ഞ നാലോ അഞ്ചോ വർഷത്തെ ഐപിഎല്ലിൽ രോഹിത് ഒട്ടും സ്ഥിരത പുലർത്തിയിരുന്നില്ല. അയാൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല.”- വാട്‌സൺ കൂട്ടിച്ചേർത്തു.