Kerala

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; ഉദ്യോഗസ്ഥയ്ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചിട്ടുണ്ട്

പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളി. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു . ഉദ്യോഗസ്ഥയ്ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. എത്ര രൂപ നഷ്ടപരിഹാരം നൽകാൻ സാധിക്കുമെന്ന് സർക്കാരുമായി ആലോചിച്ച് മറുപടി നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദ്ദേശിക്കുകയുണ്ടായി.

വലിയ മാനസിക പീഡനമാണ് പെൺകുട്ടി നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നമ്പി നാരായണൻ കേസിൽ നഷ്ടപരിഹാരം നൽകിയ മാതൃകയിൽ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.