Kerala

റിജില്‍ മാക്കുറ്റിയെ മര്‍ദിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദീകരണയോഗത്തില്‍ പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.

മന്ത്രി എം വി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, റോബര്‍ട്ട് ജോര്‍ജ് , പി പി ഷാജര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തത്. യോഗത്തിലേക്ക് പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നായിരുന്നു പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നെന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചിരുന്നു.

തന്റെ വീടോ സ്ഥലമോ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി നഷ്ടമാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സമരം ജനങ്ങള്‍ക്കുവേണ്ടിയാണെന്നും സംഭവത്തിന് ശേഷം റിജില്‍ മാക്കുറ്റി പ്രതികരിച്ചിരുന്നു. സമരത്തെ ആക്രമിക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: എന്റെ വീടോ എന്റെ കുടുബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ല. കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങള്‍ക്ക് വേണ്ടിയാണ് ഈ സമരം. ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയന്‍ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സമരത്തില്‍ നിന്ന് മരിക്കേണ്ടി വന്നാലും

പിറകോട്ടില്ല. ഇത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും യുഡിഎഫും പ്രഖ്യാപിച്ച സമരമാണ്.

സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെക്കാളും സന്തോഷം സംഘികള്‍ക്ക് ആണ്. അതു കൊണ്ട് തന്നെ എന്റെ നിലപാട് ശരിയുടെ പക്ഷത്താണ്.അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്. അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നോ അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നേക്കണ്ട പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണന്‍ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ സംഘികള്‍ വിളിച്ച മുദ്രാവാക്യം സഖാക്കള്‍ക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കള്‍ക്ക് എതിരെയാണല്ലോ? സംഘികള്‍ക്ക് എതിരെ ഡഅജഅ പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ്.

ഇതാണ് ചുവപ്പ് നരച്ചാല്‍ കാവി.