Kerala

വിഡി സതീശനെയും എകെ ആന്റണിയെയും വധിക്കാൻ ശ്രമം: കെ.സുധാകരന്‍ എംപി

പ്രതിപക്ഷ നേതാവ്, എ കെ ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഐഎം ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. സിപിഐഎം-ഡിവൈഎഫ്ഐ പ്രതിഷേധം തടയുന്നതില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച പറ്റിയെന്നും സുധാകരൻ ആരോപിച്ചു.

പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ പ്രകടനവുമായിയെത്തിയത്. അതിന് പൊലീസ് ഒത്താശ ചെയ്യുകയാണ്. പൊലീസിന്റെ നിലപാടില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണം. ഡിവൈഎഫ്ഐ-സിപിഎം ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കന്റോണ്‍മെന്റും ഹൗസും ക്ലീഫ് ഹൗസും തമ്മില്‍ അധിക ദൂരമില്ലെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കള്ളക്കേസില്‍ കുടുക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച ഇപി ജയരാജനും സിപിഐഎമ്മും കേരളീയ സമൂഹത്തോട് മാപ്പുപറയണം. ആരോപണം പൊളിഞ്ഞപ്പോള്‍ ജാള്യത മറക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ട് വ്യാജമൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കെതിരെ വധശ്രമ കേസെടുക്കുകയാണ്. ഇത്തരം ഉമ്മാക്കി കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താമെന്ന് കരുതിയെങ്കില്‍ അത് മൗഢ്യമാണ്.

കെപിസിസി ആസ്ഥാനത്തിന് നേരെ സിപിഎം നടത്തിയ ആക്രമണത്തില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന എകെ ആന്റണി രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടാണ്. വ്യാപക അക്രമം അഴിച്ച് വിട്ട് അരാജകത്വം സൃഷ്ടിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിക്കെതിരായി ഉയര്‍ന്ന ഗുരുതര രാജ്യദ്രോഹ കുറ്റമടക്കമുള്ള വെളിപ്പെടുത്തലില്‍ നിന്നും ജനശ്രദ്ധതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎം നടത്തുന്നത്. എകെജി സെന്ററില്‍ നിന്നുള്ള ആജ്ഞയനുസരിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ തേര്‍വാഴ്ച നടത്തുന്നത്. ഭരണത്തിന്റെ തണലില്‍ എന്തു നെറികേടും കാട്ടാമെന്ന ധൈര്യമാണ് സിപിഎമ്മിനെന്നും സുധാകരന്‍ പറഞ്ഞു.