Kerala

അട്ടപ്പാടിയിലെ പൊലീസ് മര്‍ദ്ദനം പ്രത്യേക സംഘം അന്വേഷിക്കും

അട്ടപ്പാടിയില്‍ അറസ്റ്റിനിടെ പൊലീസ് ആദിവാസി കുടുംബത്തെ മര്‍ദ്ദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. നാര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പി ശ്രീനിവാസനാണ് അന്വേഷണച്ചുമതല.

ഊരിലെ സംഘര്‍ഷവും പൊലീസിനെതിരായ പരാതിയുമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. അട്ടപ്പാടിയില്‍ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി ഉയര്‍ന്നിരുന്നു .ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പന്‍ ചൊറിയന്‍ മൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഊരു മൂപ്പനും മകനും അയല്‍വാസിയായ കുറന്താചലത്തിനെ പരിക്കേല്‍പ്പിച്ചു. കുറ്റകൃത്യം നടന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നുമായിരുന്നു വാദം.

കുടുംബതര്‍ക്കവുമായി ബന്ധപ്പെട്ടപരാതിയിലാണ് പൊലീസിന്റെ നടപടി ഉണ്ടായത്. മുരുകന്റെ 17 കാരനായ മകന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ അടിച്ചതായും സ്ത്രീകളെ ഉള്‍പ്പെടെ പൊലീസ് ഉപദ്രവിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

സംഭവത്തില്‍ ആദിവാസി സംഘടനകള്‍ അട്ടപ്പാടി ഷോളയൂര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധം നടത്തിയിരുന്നു.
ചൊറിയന്‍മൂപ്പനെതിരെയും മകന്‍ മുരുകനെതിരെയും ബന്ധുവിന്റെ പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് പൊലീസിന്റെ മറുപടി.