അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച 61 താൽക്കാലിക ജീവനക്കാരെയാണ് പരിച്ചുവിട്ടത്. കോവിഡ് സാഹചര്യത്തിൽ ആശുപത്രിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ച് വിടാനുള്ള കാരണമെന്നാണ് വിശദീകരണം.
നഴ്‌സും അറ്റന്ററും ഡ്രൈവറും ബൈസ്റ്റാന്ററുമടക്കമുള്ള തസ്തികകളിലുള്ള 61 താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാനായിട്ടില്ല. ഓഗസ്റ്റിന് മുമ്പുള്ള മൂന്ന് മാസം ശമ്പളം നൽകിയത് ട്രൈബൽ ഫണ്ട് റീകൂപ്പ് ചെയ്തു കൊണ്ടായിരുന്നു. ഈ ഫണ്ട് തിരിച്ചടയ്ക്കാൻ ആശുപത്രിക്ക് നിർദ്ദേശം വന്നത് പ്രതിസന്ധി രൂക്ഷമാക്കി. കോവിഡ് സാഹചര്യം ദുഷ്‌കരമായപ്പോൾ സേവനം നിർവഹിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
അതേസമയം പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തി. ആശുപത്രി സൂപ്രണ്ട് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്തിയെന്നാണ് ആരോപണം. സാഹചര്യം വിലയിരുത്താൻ ആശുപത്രി മാനേജ്‌മെൻറ് കമ്മിറ്റി യോഗം ചേർന്നു. മാനേജ്‌മെന്റ് കമ്മിറ്റി ബാധ്യത ഏറ്റെടുക്കണമെന്ന് സുപ്രണ്ട് യോഗത്തിൽ ആവശ്യപ്പെട്ടു. 3 ദിവസം കൂടി ജീവനക്കാർക്ക് തുടരാൻ അവസരം നൽകിയിട്ടുണ്ട്. ഒരു കോടി എട്ട് ലക്ഷം രൂപയാണ് ശമ്പള കുടിശിക നിലനിൽക്കുന്നത്.