Kerala

അട്ടപ്പാടിയിൽ കഴിഞ്ഞ 7 മാസത്തിനിടെ മരിച്ചത് 10 കുഞ്ഞുങ്ങൾ

ആടിയുലഞ്ഞ തൂക്കുപാലത്തിലൂടെ, കുഞ്ഞിന്റെ മൃതദേഹമേന്തി ഊരിലേക്ക് പോയ ഈ അച്ഛനെ നമ്മൾ മറക്കാനിടയില്ല.ജൂലൈ 11നാണ് മുരുഗള ഊരിലെ അയ്യപ്പൻ-സരസ്വതി ദന്പതികളുടെ കുഞ്ഞ് മരിച്ചത്. കുഞ്ഞ് മരിച്ചതിന്റെ കാരണം ഇന്നും അജ്ഞാതം…ഇത് അയ്യപ്പന്റെ മാത്രം അവസ്ഥയല്ല. രേഖയിൽ പെടാതെ പോകുന്ന ശിശുമരണം ഊരിന് പുത്തരിയല്ലാതായി കഴിഞ്ഞു.

അട്ടപ്പാടിയിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ മരിച്ചത് 10 കുഞ്ഞുങ്ങളാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാൻ പദ്ധതിയുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. കഴിഞ്ഞ വർഷം 420 ഗർഭിണികളിൽ അപകടസാധ്യതയുള്ളവരെന്ന് കണ്ടെത്തിയത് 328 പേരെയാണ്. ട്വന്റിഫോർ അന്വേഷണം തുടരുന്നു.

2013 മുതലുള്ള കണക്കെടുത്താൽ 121 ശിശുമരണമാണ് സംഭവിച്ചതെന്ന് സർക്കാർ കണക്കുകൾ പറയുന്നു. പക്ഷേ, അനൗദ്യോഗിക കണക്കിൽ അത് 150ന് മുകളിലാണ്. ഇക്കഴിഞ്ഞ,7 മാസത്തിനുള്ളിൽ അട്ടപ്പാടിയിൽ 10 ശിശുമരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു. 36 പേർക്ക് പാതിവഴിയിൽ കുഞ്ഞിനെ നഷ്ടമായി. കണക്കിൽ പെടാത്തവർ, ഇനിയുമെത്രയോ ആണ്…

2013ലെ 31 ശിശുമരണത്തിൽ നിന്ന് എണ്ണം കുറയ്ക്കാൻ കഴിഞ്ഞെന്ന് സർക്കാർ അവകാശപ്പെട്ടേക്കാം. പക്ഷേ, കോടികൾ ഒഴുക്കിയിട്ടും, പാഷകാഹാരമില്ലാതെ മരണാസന്നരായി കുഞ്ഞുങ്ങളുടെ യഥാർത്ഥ കണക്ക് പുറത്തുവിടാൻ കൂടി സർക്കാർ തയ്യാറാകണം.