Kerala

അട്ടപ്പാടിയിലെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍; 245 ഗര്‍ഭിണികള്‍ ഹൈ റിസ്‌ക്കില്‍ ഉള്‍പ്പെട്ടവര്‍

അട്ടപ്പാടിയിലെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. അട്ടപ്പാടിയില്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 ഗര്‍ഭിണികള്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണികളായ 17 പേര്‍ അരിവാള്‍ രോഗികളാണെന്നും 115 പേര്‍ക്ക് ഹീമോഗ്ലോബിന്റെ അളവ് കുറവാണെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ വ്യക്തമാക്കുന്നു.

അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ കളക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് പരാമര്‍ശിച്ചുകൊണ്ടുള്ള കണക്കുകള്‍ അവതരിപ്പിച്ചത്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള 245 ഗര്‍ഭിണികളില്‍ 191 പേര്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ 90 പേര്‍ തൂക്കക്കുറവുള്ളവരാണെന്നുമാണ് കണ്ടെത്തല്‍.

അതേസമയം തുടര്‍ച്ചയായുള്ള ശിശുമരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ബിജെപി സംഘം അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ സന്ദര്‍ശനം നടത്തുകയാണ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ഭാരവാഹി സി കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് ഹരിദാസ് തുടങ്ങിയവര്‍ അട്ടപ്പാടിയിലെത്തിയിട്ടുണ്ട്.