Kerala

അട്ടപ്പാടിയിലെ ശിശുമരണം; മന്ത്രി റിപ്പോർട്ട് തേടി

അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിൽ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ റിപ്പോർട്ട് തേടി. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പട്ടികവർഗ ഡയറക്ടർ പിവി അനുപമയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ 10 മണിക്ക് മന്ത്രിയുടെ സാന്നിധ്യത്തിൽ അഗളിയിൽ യോഗം ചേരും. അഗളി, പുത്തൂർ പഞ്ചായത്തുകളിലാണ് മരണമുണ്ടായത്.

മൂന്ന് ദിവസം മാത്രമായ കുഞ്ഞാണ് ഇന്ന് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടർന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി.

ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് പറയുന്നത്. അതേസമയം തുടരെയുള്ള ശിശുമരണങ്ങളിൽ വിശദമായ റിപ്പോർട്ട് വേണ്ടിവരും. നാല് ദിവസത്തിനിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.