Kerala

വെല്ലുവിളികള്‍ പലതുണ്ടായിട്ടും പിന്നോട്ടുപോകാത്ത നിയമപോരാട്ടം; കൂറുമാറ്റമെന്ന അനീതിയിലും തോല്‍ക്കാന്‍ മനസില്ലാതെ മധുവിന്റെ കുടുംബം; വിധി ചൊവ്വാഴ്ച

അട്ടപ്പാടി മധു വധക്കേസില്‍ ചൊവ്വാഴ്ച വിധി വരാനിരിക്കെ മധുവിന്റെ കുടുംബവും സമരസമിതിയും നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം എടുത്തുപറയേണ്ടതാണ്. സര്‍ക്കാരിന് വലിയ താത്പര്യമില്ലെന്ന് തോന്നിച്ച കേസ് പ്രോസിക്യൂട്ടര്‍മാര്‍ തുടര്‍ച്ചയായി കയ്യൊഴിഞ്ഞു. ഒടുവില്‍ കേസ് ഏറ്റെടുത്ത ആള്‍ക്ക് വേതനം കൃത്യമായി നല്‍കുന്നതിലും വീഴ്ച സംഭവിച്ചു. വിചാരണ തുടങ്ങിയപ്പോഴാകട്ടെ, കൂറുമാറ്റമെന്ന അനീതി കുടുംബത്തെ നിസ്സഹായരാക്കി.

മധു കൊല്ലപ്പെട്ട് നാല് വര്‍ഷത്തിലേറെയെടുത്തു കേസില്‍ വിചാരണ ആരംഭിക്കാന്‍. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിചാരണാകോടതിയില്‍ സ്ഥിരം ജഡ്ജി പോലും ഉണ്ടായിരുന്നില്ല. എസ്പിപിയെ നിയമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യകാലത്ത് താത്പര്യക്കുറവ് കാട്ടി.ഏറെ മുറവിളികള്‍ക്കൊടുവില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചപ്പോഴാകട്ടെ പദവിയില്‍ ആളുകള്‍ മാറി മാറി വന്നതും തിരിച്ചടിയായി.

അഡ്വ പി ഗോപിനാഥിനെയാണ് ആദ്യം എസ്പിപിയായി നിയമിച്ചത്. അട്ടപ്പാടിയില്‍ ഓഫീസും താത്ക്കാലിക താമസസൗകര്യവും വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.ഇതോടെ ഗോപിനാഥ് പിന്മാറുകയും പകരം അഡ്വ.വിടി രഘുനാഥ് ചുമതലയേല്‍ക്കുകയും ചെയ്തു.ആരോഗ്യപ്രശ്‌നങ്ങളും മറ്റ് ചില സാഹചര്യങ്ങളും മൂലം അദ്ദേഹവും ചുമതലയൊഴിഞ്ഞു.തുടര്‍ന്നാണ് അഡ്വ,സി രാജേന്ദ്രന്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായും അഡ്വ.രാജേഷ് എം മേനോന്‍ അഡീഷണല്‍ എസ്പിപിയായും ചുമതലയേറ്റത്.

വിചാരണ തുടങ്ങിയെങ്കിലും തുടര്‍ച്ചയായ കൂറുമാറ്റമുണ്ടായതോടെ കുടുംബം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ സമീപിച്ച് രാജേഷ് എം മേനോനെ എസ്പിപിയാക്കണമെന്ന് ആവശ്യപ്പെട്ടു.വിചാരണാവേളയിലെ തുടര്‍ച്ചയായ കുറുമാറ്റമെന്ന അനീതിയും മധു കേസിലെ അപൂര്‍വ്വതയായി.വാദിഭാഗത്തിന്റെ 127 സാക്ഷികളില്‍ പ്രധാനപ്പെട്ട 24 പേരാണ് വിചാരണാഘട്ടത്തില്‍ കൂറുമാറിയത്.ഇക്കൂട്ടത്തില്‍ മധുവിന്റെ മാതൃസഹോദരി പുത്രന്‍ പോലുമുണ്ടായി..സാക്ഷികളെ സ്വാധീനിക്കാന്‍ കൃത്യമായി നീക്കങ്ങളുണ്ടായെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു.പ്രതികളുടെ ജാമ്യം റദ്ദായി.അങ്ങനെ മാര്‍ച്ച് 10ന് സാക്ഷി വിസ്താരം പൂര്‍ത്തിയായി. ഇനി രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ നാലിന് വിധി വരും.