India Kerala

വനിതാ തടവുകാര്‍ ചാടിയത് ആസൂത്രിതമായിരുന്നുവെന്നു മൊഴി

തിരുവനന്തപുരം അട്ടകുളങ്ങരയിലെ വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് ആസൂത്രിതമായണെന്ന് യുവതികള്‍ മൊഴി നല്‍കി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കന്പിയില്‍ സാരി ചുറ്റി അതില്‍ ചവിട്ടിയാണ് ജയില്‍ ചാടിയത്. അതേ സമയം സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയും സുരക്ഷാ വീഴ്ചയും ഉണ്ടായെന്നു ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

ജയില്‍ ചാടിയ റിമാന്‍ഡ് തടവുകാരായ ശില്‍പയും സന്ധ്യയും ഇന്നലെ രാത്രിയോടെയാണ് പൊലീസ് പിടിയിലായത്. ഇവരെ പുലര്‍ച്ചയോടെ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് അസി. കമ്മീഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. ജയില്‍ ചാട്ടം ആസൂത്രിതമായാണ് നടത്തിയതെന്ന് ജയിലിലെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ രണ്ടു പേരും സമ്മതിച്ചു. തടവ് നീളാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞതും ജാമ്യത്തിന് സഹായം ലഭിക്കില്ലെന്നുമുള്ള ഭയവും കൊണ്ടാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്നു പ്രതികള്‍ മൊഴി നല്‍കി.

ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തയ്യല്‍ ക്ലാസിന് പോകുമ്പോള്‍ പരിസരം നിരീക്ഷിച്ചു മനസിലാക്കിയ ശേഷമാണ് ചാടാനുള്ള മാര്‍ഗം ആസൂത്രണം ചെയ്തത്. സഹതടവുകാരില്‍ ഒരാളുടെ സഹായം ജയില്‍ ചാട്ടത്തിനുണ്ടായെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പറഞ്ഞു.

സെല്ലില്‍ നിന്ന് പുറത്തിറക്കിയ തടവുകാരെ കര്‍ശനമായി നിരീക്ഷിച്ചില്ലെന്നും, തടവുകാര്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കിയെന്നും ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അന്വഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ജയില്‍ ഡി.ജി.പിക്കു കൈമാറും.