Kerala

ട്രെയിനിലെ ആക്രമണം: രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു; ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തും

അജ്ഞാതനായ വ്യക്തി തീ കത്തിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു. ട്രെയിനിന്റെ D1,D2 കോച്ചുകളാണ് സീല്‍ ചെയ്തത്. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തും. കോഴിക്കോട്ട് നിന്നുള്ള അന്വേഷണ സംഘവും കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. ആക്രമണം നടത്തിയ വ്യക്തിയ്ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. 

ഓടുന്ന ട്രെയിനില്‍ സഹയാത്രകരെ തീകൊളുത്തി അക്രമം നടത്തിയ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിന്‍സ് എന്നയാളെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.

അക്രമി എന്തോ ഇന്ധനം ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊള്ളലേറ്റ അദ്വൈത്

പറഞ്ഞു. പെട്ടന്നുണ്ടായ ആക്രമണമാണെന്നും തീ ആളിപ്പടര്‍ന്നെന്നും അദ്വൈത് പറഞ്ഞു. ദേഹത്തേക്ക് ഇന്ധനം ഒഴിച്ച് തീകൊളുത്തിയ ശേഷം അക്രമി ഓടിരക്ഷപെട്ടെന്ന് പരുക്കേറ്റ യാത്രക്കാരി സജിഷ പറഞ്ഞു.

തീപടര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായെന്ന് യാത്രക്കാര്‍ പറഞ്ഞു. അക്രമി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയത് പാലത്തിന് മുകളിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. ചുവന്ന തൊപ്പി വച്ചയാളാണ് ഓടിരക്ഷപെട്ടതെന്ന് ട്രെയിലുണ്ടായിരുന്ന യാത്രക്കാരി  പ്രതികരിച്ചു. തീപടര്‍ന്ന കമ്പാര്‍ട്ട്മെന്റ് കോരപ്പുഴ പാലത്തിന് മുകളില്‍ ആയിരുന്നെന്ന് ദൃക്സാക്ഷിയും പറഞ്ഞു.