തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത പ്രതികൾ കൂടുതൽ സ്ഥലങ്ങളിൽ എ.ടി.എം കവർച്ച നടത്തിയതായി പൊലീസ്. ഇതേസംഘമാണ് പാലക്കാട് കോതകുറുശിയിലെ എ.ടി.എം മോഷണ ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചത്. പ്രതികളെ കോതകുർശ്ശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത് 15 ലക്ഷത്തോളം രൂപ കവരാൻ ശ്രമിക്കുന്നതിനിടയിലാണ് ഒറ്റപ്പാലം തൃക്കങ്ങോട് സ്വദേശി രാഹുൽ, തൃക്കടിരി സ്വദേശി പ്രജിത് എന്നിവർ പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 8ന് കോതകുർശിയിലെ എ.ടി.എം തകർത്ത കേസിലും ഈ രണ്ട് പേരാണ് പ്രതികൾ. ഇരുവരെയും എ.ടി.എം കൗണ്ടറിലും വീടുകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കവർച്ചാ ശ്രമത്തിന് ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.
രണ്ട് മോഷണ സമയത്തും ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. രണ്ട് സി.സി.ടി.വികള്‍ പരിശോധിച്ചപ്പോഴാണ് ഒരേ ഹെൽമറ്റ് ഉപയോഗിച്ചാണ് എ.ടി.എമ്മിൽ പ്രവേശിച്ചതെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.