എ.ടി.എം മെഷിൻ തകർത്ത് കവർച്ച നടത്താൻ ശ്രമം നടത്തിയ രണ്ട് പേർ പിടിയിൽ. പാലക്കാട് ജില്ലയിലെ ആറങ്ങോട്ടുകരയിലെ എ.ടി.എമ്മിലാണ് മോഷണ ശ്രമം നടന്നത്. അസം സ്വദേശികളായ രണ്ട് പേരെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെയാണ് ആറങ്ങോട്ടുക്കരയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എമ്മിൽ മോഷണ ശ്രമം നടന്നത്. ആയുധങ്ങൾ ഉപയോഗിച്ച് എ.ടി.എം മെഷിനും മൂന്ന് സി.സി.ടി.വി ക്യാമറകളും അടിച്ച് തകർത്തു. എന്നാൽ ഇവർക്ക് മെഷിനിൽ നിന്നും പണം ലഭിച്ചില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം നാഗോം സ്വദേശികളായ നഖിബുൽ ഹക്ക്, ജീറിൽ സലാം എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പ്രതികളെ എ.ടി.എം കൗണ്ടറുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ താമസിക്കുന്ന സ്ഥലത്തും പൊലീസ് പരിശോധന നടത്തി.