Kerala

എടിഎം മെഷീനില്‍ കൃത്രിമം നടത്തി കവര്‍ച്ച; അന്വേഷണം ഊര്‍ജിതം

കൊച്ചി നഗരത്തില്‍ വീണ്ടും എടിഎം തട്ടിപ്പ്. എടിഎം മെഷീഷിനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ മടങ്ങുമ്പോള്‍ തുക കൈക്കലാക്കുന്നതാണ് രീതി. കളമശേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

തട്ടിപ്പിന് പിന്നില്‍ ഒരാള്‍ മാത്രമാണോ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പണം തട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഇവ കേന്ദ്രീകരിച്ച് ഒരാളിലേക്കാണ് നിലവില്‍ അന്വേഷണം നീളുന്നത്. കളമശേരിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടന്നത്.

ഇടപാടുകാര്‍ പണം പിന്‍വലിക്കാനെത്തുമ്പോള്‍ പിന്‍നമ്പരടക്കം നല്‍കിയ ശേഷം പണം കിട്ടാതെ വരികയും മെഷീന്റെ തകരാറാണെന്ന് കരുതി മടങ്ങുകയും ചെയ്യുന്നു. ഇതിന് ശേഷമാണ് പ്രതി എടിഎമ്മിലെത്തി നേരത്തെ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ഉപകരണം മാറ്റി പണമെടുക്കുന്നത്. പതിനൊന്ന് കൗണ്ടറുകളിലായി ഇയാള്‍ മോഷണം നടത്തിയെന്നാണ് വിവരം. ഏഴ് പേരില്‍ നിന്നായി 25000ത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.