കൊച്ചിയില്‍ എ.ടി.എം തട്ടിപ്പ് വ്യാപകമാവുന്നു. രണ്ട് മാസത്തിനിടെ ആറ് പരാതികളിലായി അഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അക്കൌണ്ടില്‍ നിന്ന് ഇന്നലെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു.
കൊച്ചി സിറ്റി പരിധിയിലുള്ള കടവന്ത്ര, എറണാകുളം നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിലും മരട്, തോപ്പുംപടി സ്റ്റേഷനുകളിലുമായാണ് പരാതി ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം തുക വിവിധ അക്കൗണ്ടുകളിൽ നിന്നും നഷ്ടമായി. എ.ടി.എം കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിച്ചിരിക്കുന്നത്. പുലര്‍ച്ചെയും അര്‍ദ്ധരാത്രിയിലുമാണ് പണം പിന്‍വലിക്കുന്നത് എന്നതിനാല്‍ വൈകിയാണ് പലരും തട്ടിപ്പ് തിരിച്ചറിയുന്നത്.
മരട് ലേക് ഷോർ ആശുപത്രിയിലെ റേഡിയേഷൻ വിഭാഗം ഡോക്ടറായ മുഹമ്മദ് ഷാബിറിന്റെ ഒരു ലക്ഷം രൂപയാണ് ഇന്നലെ നഷ്ടമായത്. രാവിലെ 6.50 മുതൽ 7.10 വരെയുള്ള ഇടവേളകളിലാണ് പണം പിന്‍വലിച്ചത്. കൊച്ചി മുണ്ടൻവേലിയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും ഇൻഡസ് ബാങ്കിന്റെയും എ.ടി.എം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. തോപ്പുംപടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി അടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.