India Kerala

വിമാനത്തിലെത്തി കേരളത്തില്‍ എ.ടി.എം തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളിലെ എ.ടി.എം വഴി പണം കവരുന്ന സംഘത്തിലെ ഒരാളെ കൂടി കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി വാജിദ് ഖാനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.

വ്യത്യസ്തമായ രീതിയില്‍ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗമാണ് ഹരിയാന സ്വദേശി വാജിദ് ഖാന്‍. വിമാനത്തില്‍ കേരളത്തിലെത്തുകയും സി.ഡി.എം മെഷീന്‍ വഴി സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. പിന്നെ ഈ പണം എ.ടി.എം കാര്‍ഡുപയോഗിച്ച് പിന്‍വലിക്കും.

സാങ്കേതിക വിദ്യ ഉപയോഗിച്ച് എ.ടി.എം മെഷീനില്‍ അവസാന ഇടപാട് റദ്ദാക്കിയതായി കാണിക്കും. ഈ പണമാകട്ടെ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായിട്ടുണ്ടാകും. പിന്നീട് അക്കൗണ്ടുടമ ബാങ്കില്‍ പരാതി നല്‍കുകയും ആ പണവും കൂടെ കരസ്ഥമാക്കുകയും ചെയ്യും. ഇങ്ങനെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ മാത്രം 11 പരാതികളാണ് ബാങ്കുകളുടേതായി പൊലീസിന് ലഭിച്ചത്.

തുടര്‍ന്നാണ് ഹരിയാനയില്‍ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. ആദ്യം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴി പ്രകാരം കൂടുതല്‍ പേര്‍ കവര്‍ച്ചക്ക് പിന്നിലുണ്ടെന്ന് കണ്ടെത്തി. ഡല്‍ഹിയില്‍ വെച്ചാണ് വാജിദ് ഖാനെ അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ കൂടുതല്‍ പേര്‍ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.