പൂവിളിയുടെ ആരവമുയര്‍ത്തി ഇന്ന് അത്തം. തിരുവോണത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. നാടും നഗരവുമെല്ലാമിനി ഓണത്തിരക്കിലമരും. പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും. തൊടികളിലും വയലിലും വീട്ടുമുറ്റത്തുമെല്ലാം കുഞ്ഞിക്കൈകള്‍ നീണ്ടു ചെല്ലും. പൂക്കളിറുക്കാന്‍. സന്തോഷത്തിന്റെ കൂട്ടായ്മയുടെ കളിചിരിയോടെ പൂക്കള്‍ ശേഖരിക്കും.
തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും വാടാമല്ലിയുമടക്കം നാട്ടില്‍ കിട്ടാവുന്ന പൂക്കള്‍ കൊണ്ട് ആദ്യ ദിവസങ്ങളില്‍ പൂക്കളം തീര്‍ക്കും. പിന്നീടങ്ങോട്ട് പൂക്കളത്തിന്റെ വലുപ്പം കൂടും. ഇതരസംസ്ഥാനത്ത് നിന്നെത്തിയ പൂക്കള്‍ പൂക്കളങ്ങള്‍ കീഴടക്കും. ചാണകമെഴുകിയ പൂത്തറകളും നാട്ടിന്‍പുറത്തെ മാഞ്ഞ്പോകുന്ന ഓണക്കാഴ്ചകളാണ്. പ്രളയം തളര്‍ത്തിയ നാളുകള്‍ക്ക് ശേഷം പ്രതീക്ഷയുമായി ഇനി പത്ത് നാള്‍ ഓണാഘോഷം.