തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ വിനീത വർഗീസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് അറസ്റ്റ്. വിനീത വർഗീസിനെ നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സസ്‌പെൻഡ് ചെയ്തിരുന്നു.
തൃപ്പൂണിത്തുറയിലെ പാലം അപകടത്തിൽ കരാറുകാർക്കെതിരെ കേസെടുതിരുന്നു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിർമ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകട സൂചന ബോർഡുകൾ ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിലേക്ക് എത്തിച്ചത്. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
മാർക്കറ്റ് റോഡിൽ 4 മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്. കഴിഞ്ഞദിവസമാണ് പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിൻറെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിൻറെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡിൽ അപകട സൂചനാ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.