Kerala

അരുൺ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തി, കൊലപാതകത്തിന് തുല്യമാണ് ഈ മരണം; വികാരാധീനനായി ആശിഷ് ദാസ് ഐഎഎസ്

കടുത്തുരുത്തിയിൽ ആത്മഹത്യ ചെയ്ത ആതിരയുടെ മരണത്തിൽ പ്രതിക്കെതിരെ ​ഗുരുതര ആരോപണവുമായി സഹോദരീ ഭർത്താവും മണിപ്പൂർ സബ് കളക്റുമായ ആശിഷ് ദാസ്. അരുൺ വിദ്യാധരൻ സഹോദരിയെ നിരന്തരം ഭീഷണിപ്പെടുത്തി. ഒളിവിൽ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയതെന്ന് ആശിഷ് ദാസ് പറഞ്ഞു.

ആതിരയും അരുണും അടുപ്പത്തിലായിരുന്നു. എന്നാൽ അരുണിന്റെ സ്വഭാവ വൈകൃതം കാരണം ആ ബന്ധം നിന്നു. രണ്ട് വർഷം മുൻപ് ഇരുവരും പിരിഞ്ഞതാണ്. അതിന് ശേഷം ഇരുവരും തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നില്ല. ഈയടുത്ത് ആതിരയ്ക്ക് വിവാഹാലോചന വന്നതോടെയാണ് അരുൺ വീണ്ടും ഭീഷണിപ്പെടുത്തി തുടങ്ങിയതും സൈബർ ആക്രമണം നടത്തിയതും. പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ലെന്നും ആശിഷ് പറഞ്ഞു. വിവാഹം നടക്കാനിരുന്ന വീട്ടിലേക്ക് ആതിരയുടെ മൃതദേഹം എത്തിച്ചതും ആശിഷ് അടക്കമുള്ള ബന്ധുക്കൾക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.

ആതിരയുടെ മരണം കൊലപാതകത്തിന് തുല്യമായ മരണമാണെന്ന് ആശിഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരാതിരിക്കാൻ ശ്രമിക്കുമെന്നും ആശിഷ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

അരുണിന്റെ സൈബർ ആക്രമണത്തെ കുറിച്ച് ആതിര പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ആശിഷിനെയും ഫോണിൽ വിളിച്ച് വിവരങ്ങൾ പറഞ്ഞിരുന്നു. കടുത്തുരുത്തി പൊലീസുമായി ആശിഷ് ബന്ധപ്പെട്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസാരിക്കുകയും ചെയ്തു. അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിലാണ് ആതിര ആത്മഹത്യ ചെയ്തത്.