ആലുവയില്‍ എ.എസ്.ഐ ബാബുവിന്റെ ആത്മഹത്യയില്‍ അന്വേഷണത്തിന് ഉത്തരവ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യവും എറണാകുളം റേഞ്ച് ഡി.ഐ.ജിയും അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയുടേതാണ് ഉത്തരവ്
ആലുവ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബു ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. എസ്.ഐയുടെ മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യയെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. മരണത്തിന് കാരണം എസ്.ഐ ആണെന്ന് പറഞ്ഞ് ബാബുവയച്ച വാട്സ്ആപ് സന്ദേശം മീഡിയവണിന് ലഭിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്തും ആരോപിച്ചു. എസ്.ഐയുടെ ഭാഗത്ത് നിന്നും കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി എ.എസ്. ഐ പറഞ്ഞിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ആലുവയില്‍ മണ്ഡലത്തിലെ തന്നെ രണ്ട് എ.എസ്.ഐമാരാണ് അടുത്ത ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. ഇന്നലെ രാത്രിയില്‍ പൊലിസ് വാട്സആപ്പ് ഗ്രൂപ്പില്‍ താന്‍ എസ്.ഐ രാജേഷ് കാരണം ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ബാബു വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു.