Kerala

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുന്നവരെ സംരക്ഷിക്കാൻ വെമ്പായത്ത് ആശ്രയ കേന്ദ്രം നിർമ്മിക്കും; 12 ഏക്കർ സ്ഥലം വാങ്ങിയതായി കലയപുരം ജോസ്

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുന്നവരെ സംരക്ഷിക്കാൻ വെമ്പായത്ത് ആശ്രയ കേന്ദ്രം നിർമ്മിക്കുമെന്നും ഇതിനായി 12 ഏക്കർ സ്ഥലം വാങ്ങിയതായും ആശ്രയ ഡയറക്ടര്‍ കലയപുരം ജോസ് അറിയിച്ചു. അവിടെ വലിയ നിലയിൽ കെട്ടിടം നിർമ്മിക്കും. മെഡിക്കൽ കോളജിൽ ഏറ്റെടുക്കാൻ ആളില്ലാത്ത എല്ലാവരെയും ഏറ്റെടുക്കും. ഇന്ന് 18 പേരെയാണ് ഏറ്റെടുക്കുന്നത്. ഡിസ്ചാർജ് ആകുന്ന മുറയ്ക്ക് 42 പേരെയും ഏറ്റെടുക്കും. എല്ലാവരെയും ആശ്രയ സങ്കേതത്തിൻറെ കീഴിൽ മരണം വരെ സംരക്ഷിക്കും. ഇന്ന് ഏറ്റെടുക്കുന്ന 18 പേർക്കായി കലയപുരം ആശ്രയ സംഘത്തിൽ പ്രത്യേകം വാർഡ് സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ചികിത്സയ്ക്കായി എത്തിച്ച് മാതാപിതാക്കളെ ആശുപത്രികളില്‍ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇത്തരത്തില്‍ 42 ആളുകളാണ് അശരണരും അനാഥരുമായി കഴിയുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൂലിത്തൊഴിലാളികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് അഭയം നല്‍കാമോ എന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് അതിനുള്ള നടപടികള്‍ സ്വീകരിക്കാൻ കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയ തീരുമാനിച്ചത്.

’28 വര്‍ഷമായി സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ സ്ഥാപനമാണ് ആശ്രയ. തെരുവില്‍ അലയുന്നവരും അനാഥരുമായ രണ്ടായിരത്തോളം ആളുകളെ ആശ്രയ സംരക്ഷിച്ചുപോരുന്നു. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എട്ട് കേന്ദ്രങ്ങളിലായാണ് രണ്ടായിരം ആളുകളെ താമസിപ്പിക്കുന്നത്.

മെഡിക്കല്‍ കോളജ് സൂപ്രണ്ട് അവിടുത്തെ ആളുകളുടെ സംരക്ഷണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിരുന്നു. അവിടെ പോയി അവരെയെല്ലാം നേരിട്ടുകണ്ടു. 42 പേരാണ് അവിടെയുള്ളത്. അവരില്‍ 18 പേരെ ആദ്യം ആശ്രയയിലേക്ക് കൊണ്ടുവരും. ചികിത്സ പൂര്‍ണമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ബാക്കി ആളുകളെ കൂടി ഏറ്റെടുക്കും’. ആശ്രയ ഡയറക്ടര്‍ കലയപുരം ജോസ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

അഗതികള്‍ക്ക് തണലായി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയെ സഹായിക്കാം:
കലയപുരം ജോസ്: 94477 98963
Account Details
Account Name : Ashraya Charitable Society
A /c No : 10360100251111
Federal Bank
Kottarakkara Branch
IFSC : FDRL0001036
Swift Code : FDRLINBBKKA