Kerala

ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസ്; ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആര്യൻ്റെ വാട്സപ്പ് ചാറ്റുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിക്കും. കസ്റ്റഡി നീട്ടിക്കിട്ടണമെന്ന് എൻസിബി ആവശ്യപ്പെട്ടേക്കില്ല. (aryan khan submit court)

ആര്യൻ ഖാൻ ചരസാണ് ഉപയോഗിച്ചതെന്ന് എസിബി വൃത്തങ്ങൾ അറിയിക്കുന്നു. അറസ്റ്റിലായ എല്ലാവരുടെയും വാട്സപ്പ് ചാറ്റുകൾ ഉൾപ്പെടെ എൻസിബി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. മുൻകൂട്ടി ആലോചിച്ച് നടത്തിയ പാർട്ടിയാണ് ഇതെന്നതിനുള്ള സുപ്രധാന തെളിവാണ് ഈ ചാറ്റുകൾ.

മുംബൈ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ആര്യൻ ഖാനെ ഒരു ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനായി ആര്യനെ രണ്ടുദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷ നൽകാൻ ആര്യന്റെ അഭിഭാഷകൻ ഒരു ദിവസത്തെ സമയം ചോദിച്ചതോടെ ഇനി കസ്റ്റഡിയിൽ വാങ്ങേണ്ടെന്നാണ് എൻസിബി തീരുമാനം. കസ്റ്റഡിക്ക് ശേഷം ആര്യൻ ഖാനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടാൽ ഉടനെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകും.

ഇന്നലെ 15 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആര്യൻ ഖാൻ ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തിയതായി എൻസിബി അറിയിച്ചു. മയക്കുമരുന്ന് റാക്കറ്റിലെ ഒരാളുമായി പിടിയിലായവർക്കുള്ള ബന്ധമാണ് അന്വേഷിക്കുന്നതെന്ന് എൻസിബി സോണൽ മേധാവി സമീർ വാങ്കഡെ പറഞ്ഞു.

ലഹരി എത്തിച്ചുനൽകിയവരുമായി ബന്ധപൊപെട്ട അന്വേഷണമാണ് എൻസിബി ഊർജിതമാക്കിയിരിക്കുന്നത്. ലഹരി മാർക്കറ്റുമായി ബന്ധപ്പെട്ട മുഖ്യ കണ്ണിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എൻസിബി പറയുന്നു. ഇടപാടുമായി ബന്ധപ്പെട്ട് മുംബൈയിലും നവി മുംബൈയിലും റെയ്ഡുകൾ പുരോഗമിക്കുകയാണ്.