HEAD LINES Kerala

‘ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടക്കും, വിഭാഗീയ പ്രവര്‍ത്തനമല്ല’; കെപിസിസി അന്ത്യശാസനത്തെ മറികടക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്

കെപിസിസിയുടെ അന്ത്യശാസനം മറികടന്ന് എ ഗ്രൂപ്പിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. വൈകുന്നേരമാണ് പരിപാടി നടക്കുക. ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായല്ല പരിപാടിയെന്നും പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചിട്ടുണ്ട്. അതേസമയം മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതില്‍ എ ഗ്രൂപ്പിെന തഴഞ്ഞെന്ന ആരോപണം ആര്യാടന്‍ ഫൗണ്ടേഷന്‍ ഉന്നയിച്ചിട്ടുമുണ്ട്. പരിപാടിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് എ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഏഴോളം ഡിസിസി ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് പരിപാടി നടത്തിയാല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ കെപിസിസി ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്. (Aryadan Shoukath will organize Palestine solidarity program today )

സമാന്തര പരിപാടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് കെപിസിസി നേതൃത്വം ഇന്നലെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന കത്തൊന്നും കെപിസിസിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം.

വൈകീട്ടാണ് ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ മഹാസദസും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയ്ക്ക് വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യം നല്‍കുക മാത്രമാണ് പരിപാടിയുടെ ലക്ഷ്യമെന്നും സംഘാടക സമിതി വ്യക്തമാക്കി. പലസ്തീനോട് ഐക്യപ്പെടുന്നത് തന്നെയാണ് കോണ്‍ഗ്രസിന്റേയും നിലപാടെന്നും ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിന് കടുത്ത പരാതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കെപിസിസി വിഭാഗീയ നീക്കം സംശയിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം എ ഗ്രൂപ്പ് മൂന്ന് രഹസ്യയോഗങ്ങളാണ് ചേര്‍ന്നിരുന്നത്.