നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ…
ഒരു തവണയെങ്കിലും ഈ വരികൾ മൂളാത്ത മലയാളി അപൂർവ്വമായിരിക്കും. വാക്കിനോടു വാക്കുചേരുമ്പോൾ അത്യപൂർവവും ഹൃദ്യവുമായ കൽപ്പനകൾ സൃഷ്ടിക്കുന്ന കാവ്യസൗന്ദര്യമാണ് പൂവച്ചൽ ഖാദരിൻറെ വരികൾ.
‘ശരറാന്തൽ തിരിതാഴും മുകിലിൻ കുടിലിൽ’, ‘ചിത്തിരതോണിയിൽ അക്കരെപോകാൻ’ , ‘പൂ മാനമേ’, ‘അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ’… 400ലധികം സിനിമകൾക്കായി 1200 റോളം ഗാനങ്ങൾ.. ലളിത ഗാനങ്ങളും നാടകഗാനങ്ങളുമായി വേറെയും നൂറുകണക്കിന്. പലതും മലയാളി നെഞ്ചേറ്റിയ അനശ്വരഗാനങ്ങൾ…
തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഗ്രാമത്തിൽ അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി 1948 ഡിസംബർ 25 നാണ് പൂവച്ചൽ ഖാദർ ജനിച്ചത്. ഹൈസ്കൂൾ പഠനകാലത്ത് നാട്ടിലെ കൈയെഴുത്ത് മാസികയിൽ എഴുതിയ ‘ഉണരൂ’ എന്ന കവിത സർഗ്ഗജീവിതത്തിന് ഹരിശ്രീയായി. പോളിടെക്‌നിക്ക് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ തുടർപഠനവും കഴിഞ്ഞ് പി.ഡബ്ല്യൂ.ഡിയിൽ ഓവർസിയർ കോഴിക്കോടെത്തിയത് ജീവിതത്തിൽ വഴിത്തിരിവായി. ബാബുരാജ്, ദേവരാജൻ മാഷ്, ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ്, കാനേഷ് പൂനൂർ, സലാം കാരശ്ശേരി എന്ന് തുടങ്ങി മലയാള സംഗീത-സാംസ്കാരിക രംഗത്തെ അതികായന്മാരോടൊപ്പമുള്ള സൗഹൃദവലയത്തിലേക്ക് വഴിത്തുറന്നത് കോഴിക്കോടെ ഔദ്യോഗികജീവിതമാണ്. അത് മലയാളഗാനലോകത്തേക്കുള്ള രാജകീയാഗമനത്തിനും നിമിത്തമായി. വിജയനിർമല സംവിധാനം ചെയ്ത് അഭിനയിച്ച കവിത എന്ന ചിത്രത്തിന് കവിതയെഴുതിയാണ് സിനിമയിലെ അരങ്ങേറ്റം. 1973 ൽ പുറത്തിറങ്ങിയ കാറ്റ് വിതച്ചവൻ എന്ന സിനിമക്ക് വേണ്ടി ‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു… എന്ന വരികളെഴുതിയതിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തുടർച്ചയായി സിനിമകൾ.
ആറു പതിറ്റാണ്ടുനീണ്ട സർഗജീവിതത്തിനിടെ, ചിത്തിരത്തോണി, കളിവീണ, പാടുവാൻ പഠിക്കുവാൻ എന്നീ പുസ്തകങ്ങളും ആ തുലികയിൽ പിറന്നു. പാട്ടിൻറെ പാലാഴി തീർത്ത പാട്ടെഴുത്തുകാരന് അർഹമായ അംഗീകാരം നൽകാനാവാതെ പോയത് മലയാളത്തിൻറെ നീറ്റലായി എന്നുമുണ്ടാകും.
കലിപൂണ്ട കൊവിഡുകാലം പൂവച്ചൽ ഖാദർ എന്ന പ്രതിഭയെ കൂടി കവർന്നെടുക്കുമ്പോൾ കൂടുതൽ അനാഥമായതിൻറെ അമ്പരപ്പിലാണ് മലയാള സാഹിത്യ ലോകം.