ഐക്യവേദിയുണ്ടാക്കി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ പത്തനംതിട്ട ജില്ലയിലെ ജനകീയ സമരസമിതികളുടെ തീരുമാനം. ഏഴായിരത്തോളം വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക. ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനെതിരെയാണ് പ്രതിഷേധം.
പൊന്തന്‍പുഴ, കോയിപ്പ്രം, കുമ്പനാട്, ഏനാദിമംഗലം, ചെങ്ങറ സമരസമിതികളാണ് പൊതുവേദിയുണ്ടാക്കി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി ജനങ്ങളുടെ വിവിധ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ സമിതികള്‍ പ്രക്ഷോഭത്തിലാണ്. 1200 ഓളം കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷമായി സമരത്തിലാണ് പൊന്തന്‍പുഴ സമര സമിതി. ജനവാസ സ്ഥലത്ത് പുതിയ ക്വാറി അനുവദിച്ചതിനെതിരെയാണ് ഏനാദിമംഗലത്ത് സമരം നടക്കുന്നത്.
കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യവുമായി കുമ്പനാട്ടും, ടാര്‍ മിക്‌സിംഗ് പ്ലാന്‍റിന്‍റെ അനുമതി പിന്‍വലിക്കാത്തതിനെതിരെ കോയിപ്പുറത്തും സമരം നടക്കുകയാണ്. റേഷന്‍ കാര്‍ഡും അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കുന്നതിനെതിരെയാണ് ചെങ്ങറയില്‍ സമരം.
ഒരു മുന്നണിയുടേയും പിന്തുണയില്ലാതെയാണ് എല്ലായിടത്തും പ്രക്ഷോഭം നടക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെയാണ് വോട്ട് ബഹിഷ്‌കരണമെന്ന പുതിയ സമരം ഇവര്‍ നടത്തുന്നത്.