Kerala

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; കണ്ടെത്താൻ ബുദ്ധിമുട്ടെന്ന് മന്ത്രി

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച രോഗികളെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ കണ്ടെത്താനാവുന്നില്ലെന്ന് കർണാടക മന്ത്രി എ. അശോക്. ബംഗളൂരുവിൽ തന്നെ 3000ത്തോളം കൊവിഡ് രോഗികളെ ഇത്തരത്തിൽ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടുപിടിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കർണാടകയിൽ കൊവിഡ് രോഗികൾക്ക് സൗജന്യമരുന്ന് അടക്കം നൽകുന്നുണ്ട്. എന്നാൽ രോഗികൾ ഇത് സ്വീകരിക്കാൻ കൂട്ടാക്കാതെ അത്യാഹിത സാഹചര്യത്തിലാണ് ആശുപത്രികളിലെത്തുന്നത്. ഇത് സംസ്ഥാനത്തെ സ്ഥിതി വഷളാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കർണാടകയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു.
തലസ്ഥാനമായ ബംഗളൂരുവിലും സ്ഥിതി ആശങ്കാജനകമാണ്. രോഗികൾക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം ആവശ്യത്തിന് ആനുപാതികമല്ലെന്നു കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കിടക്ക ലഭ്യതയിലുണ്ടായ വർധന വളരെ കുറവാണെന്നും സ്ഥിതിഗതികൾ ഭയാനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ബെംഗളൂരുവിൽ ഇപ്പോൾ 2 ലക്ഷത്തിലധികം സജീവമായ കൊവിഡ് കേസുകളുണ്ട്. ആശുപത്രി കിടക്കകൾ, ഓക്‌സിജൻ, മരുന്നുകൾ എന്നിവയുടെ ക്ഷാമവും നഗരം നേരിടുന്നുണ്ട്.