എറണാകുളം തോപ്പുംപടി അരൂജ സ്കൂളിലെ വിദ്യാർത്ഥികൾ സി.ബി.എസ്.സി പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അംഗീകാരമില്ലാത്ത സ്കൂളിലെ കുട്ടികൾക്ക് അംഗീകാരം ഉള്ള സ്കൂൾവഴി പരീക്ഷ എഴുതാൻ ഇക്കൊല്ലം അനുമതി നൽകിയിട്ടുണ്ടോയെന്ന് സി.ബി.എസ്.സിയോട് വ്യക്തമാക്കാനാണ് കോടതിയുടെ നിര്‍ദേശം.
അംഗീകാരമില്ലാത്ത സ്കൂളിലെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ടങ്കിൽ ഇക്കാര്യം വ്യക്തമാക്കി ഇന്ന് സത്യവാങ്മൂലം നൽകാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. അങ്ങനെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിട്ടുണ്ടെങ്കിൽ അരൂജ സ്കൂളിലെ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പും നല്കിയിട്ടുണ്ട്. കൊച്ചിയിൽ മാത്രം 62 സ്കൂളുകളിലെ കുട്ടികൾ മറ്റു സ്കൂളിൽ പരീക്ഷ എഴുതുന്നുണ്ടെന്നാണ് അരൂജയിലെ കുട്ടികൾ കോടതിയെ അറിയിച്ചിട്ടുള്ളത്.
അരൂജ സ്കൂളിന് അംഗീകാരമില്ലെന്ന് 2012ൽ തന്നെ അപേക്ഷ തള്ളിയതാണന്നായിരുന്നു സി.ബി.എസ്.സിയുടെ നിലപാട്. പരീക്ഷ എഴുതണമെന്ന ആവശ്യം സിംഗിൾ ബഞ്ച് നിരസിച്ചതിനെതിരെ വിദ്യാർത്ഥികളാണ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. നിലവില്‍ രണ്ടുപരീക്ഷ കഴിഞ്ഞെങ്കിലും നാളെ നടക്കുന്ന സയന്‍സ് പരീക്ഷ ഉള്‍പ്പെടെ ശേഷിക്കുന്നവ എഴുതാന്‍ അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.