യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി നിയമിചത്ത മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അര്‍ജുന്‍ രാധാകൃഷ്ണൻ. ദേശീയ നേതൃത്വം നടത്തിയ ക്യാമ്പയിനിൽ നിന്നാണ് തന്നെ തെരഞ്ഞെടുത്തതെന്ന് അർജുൻ വ്യക്തമാക്കി. ആരുടെ എതിർപ്പിന്മേലാണ് തീരുമാനം മരവിപ്പിച്ചതെന്ന് അറിവില്ലെന്നും അർജുൻ പറഞ്ഞു. തുടർ നീക്കങ്ങൾ സംസ്ഥാന നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും അർജുൻ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധമെന്നും അർജുൻ ചൂണ്ടിക്കാട്ടി.
യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണ്. അഭിമുഖം അടക്കമുള്ളവ നടത്തിയാണ് വക്താവായി തെരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നു. പിതാവായ തിരുവഞ്ചൂർ രാധാകൃഷണന് രാഷ്ട്രീയത്തിൽ മുന്നോട്ടു പോകാൻ തന്‍റെ പിന്തുണ ആവശ്യമില്ലെന്നും അർജുൻ മാധ്യമങ്ങളോട് പറഞ്ഞു.
അർജുൻ രാധാകൃഷ്ണൻ അടക്കം 72 പേരെ യൂത്ത് കോൺഗ്രസ് വക്താക്കളായി നിയമിച്ച ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് തീരുമാനം കടുത്ത എതിർപ്പിനെ തുടർന്ന് മരവിപ്പിച്ചിരുന്നു. അർജുൻ അടക്കം അഞ്ചു മലയാളികളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. വക്താക്കളുടെ പട്ടികയിൽ ചില ആശയകുഴപ്പം ഉള്ളതിനാൽ നിയമനം മരവിപ്പിച്ചെന്നും കേരളത്തിലെ വക്താക്കളുടെ പേരുകളിൽ പ്രശ്നമില്ലെന്നും ദേശീയ അധ്യക്ഷൻ അറിയിക്കുകയായിരുന്നു.