Kerala

അർജുൻ ആയങ്കിയുടെ ഓപ്പറേഷൻ രീതി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്

കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാൻ അർജുൻ ആയങ്കി ഉപയോഗിക്കുന്ന ഓപ്പറേഷൻ രീതി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ചെർപ്പുളശേരി സംഘത്തിൽ നിന്ന് സ്വർണം തട്ടിയെടുത്ത ശേഷം അതേ സംഘത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക വ്യക്തമാക്കുന്നതാണ് ശബ്ദരേഖ.

സ്വർണക്കടത്തുകാരെ സ്വാധീനിച്ച് കള്ളക്കടത്ത് സ്വർണം വെട്ടിക്കുന്നതാണ് അർജുന്റെ പതിവ്. സ്വർണം കടത്തുന്ന കരുവി സംഘങ്ങൾക്ക് കവർച്ച ചെയ്യുന്ന സ്വർണത്തിന്റെ കമ്മിഷൻ നൽകും. സ്വർണം കവർച്ച ചെയ്ത ശേഷം കള്ളക്കടത്തു സംഘത്തെ അർജുൻ ഭീഷണിപ്പെടുത്തുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യൂ എന്നും തങ്ങൾക്ക് പറ്റുന്നത് തങ്ങളും ചെയ്യുമെന്നുമാണ് അർജുൻ പറയുന്നത്. തട്ടിയെടുത്ത സ്വർണം കടലിൽ എറിഞ്ഞാലും നിങ്ങൾക്ക് തരില്ലെന്നും ശബ്ദരേഖയിലുണ്ട്.

അതേസമയം, അർജുൻ ആയങ്കി സ്വർണം തട്ടിയെടുത്തത് 22 തവണയെന്ന് കണ്ടെത്തൽ. പതിനേഴ് കിലോയിലധികം സ്വർണമാണ് അർജുൻ തട്ടിയെടുത്തത്. കൊടുവള്ളി സംഘത്തിന്റെ സ്വർണമാണ് അധികവും തട്ടിയെടുത്തത്.