Kerala

അരികൊമ്പന്റെ കോളറിൽ നിന്നും സിഗ്നൽ ലഭിച്ച് തുടങ്ങി; ആന അപ്പർ കോതയാർ മേഖലയിൽ

അരിക്കൊമ്പന്റെ കോളറിൽ നിന്നും വീണ്ടും സിഗ്നൽ ലഭിച്ച് തുടങ്ങി. അപ്പർ കോതയാർ മേഖലയിൽ തന്നെ ചുറ്റിത്തിരിയുകയാണ്. അവസാനം റേഡിയോ കോളർ സിഗ്നൽ ലഭിച്ചത് ഇന്ന് രാവിലെ 5.20ന്. ആന കൂടുതൽ സഞ്ചരിക്കുന്നില്ലെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ നിഗമനം. ഇന്നലെ സഞ്ചരിച്ചത് ഒരു കിലോമീറ്ററിൽ താഴെ മാത്രം. ആനയുടെ നിരീക്ഷണം തുടരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.

അരിക്കൊമ്പൻ നിരീക്ഷണം കേരള വനംവകുപ്പ് ശക്തമാക്കുന്നുണ്ട്. അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് നിലവിൽ 150 കിലോമീറ്റർ അകലെയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിലവിൽ ആനയുടെ കാര്യത്തിൽ ആശങ്ക വേണ്ട. റേഡിയോ കോളർ വഴിയുള്ള നിരീക്ഷണം ഇനി തിരുവനന്തപുരത്ത് നിന്നാകും. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറിൽ നിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറും എന്നും അദ്ദേഹം അറിയിച്ചിരുന്നു.

കമ്പത്ത് നിന്നും തമിഴ്നാട് വനംവകുപ്പ് പിടികൂടി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അപ്പർ കോതയാർ ഭാഗത്ത് മുത്തുകുളി ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിയെന്ന് തമിഴ്നാട് വനം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കന്യാകുമാരി വനമേഖലയിൽ നിന്നുളള സിഗ്നൽ ലഭിച്ചിട്ടുണ്ട്.