മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അരികൊമ്പനേ കണ്ടെത്താനാവാതെ മയക്കു വെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം വനം വകുപ്പ് അവസാനിപ്പിച്ചു. പുലർച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നത്. എന്നാൽ വനം വകുപ്പ് തിരഞ്ഞ അരികൊമ്പൻ ശങ്കരപണ്ഡിയ മെട്ടിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ആനയെ കണ്ടെത്തിയാൽ അനുകൂല ഘടകങ്ങൾ പരിശോധിച്ച് ഏറ്റവും അടുത്ത ദിവസം വീണ്ടും ദൗത്യത്തിലേക്ക് കടക്കും.
ഇടുക്കിയിലെ അക്രമകാരിയായ കാട്ടുകൊമ്പനെ പിടികൂടാനുള്ള വനവകുപ്പിന്റെ ആദ്യ ശ്രമം പരാജയം. വിവിധ വകുപ്പുകളിലെ 150 ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ നാലരയ്ക്ക് ദൗത്യം തുടങ്ങി. വനം വകുപ്പിന്റെ നിരീക്ഷണത്തിൽ അരിക്കൊമ്പൻ ഉണ്ടെന്ന ആത്മവിശ്വാസമാണ് ഉദ്യോഗസ്ഥർ ആദ്യം പ്രകടിപ്പിച്ചത്. തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് ദൗത്യ മേഖലയിലേക്ക് ആളുകൾ പുറപ്പെട്ടു. സർവ സന്നാഹവുമായി മയക്ക് വെടി വയ്ക്കാൻ ഡോക്ടർ അരുൺ സക്കറിയയും. സിമന്റ് പാലത്തിന് സമീപമായി അരിക്കൊമ്പൻ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദൗത്യസംഘം അവിടെ നിലയുറപ്പിച്ചു. രാവിലെ 7 മണിയോടുകൂടി മയക്കു വെടി വെക്കും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കാട്ടാനക്കൂട്ടത്തിനോടൊപ്പം അരിക്കൊമ്പൻ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ ദൗത്യം നീണ്ടു. പിന്നീട് വിവിധ സംഘങ്ങളായി തിരഞ്ഞ് അരിക്കൊമ്പനു വേണ്ടിയുള്ള തിരച്ചിൽ. 301 കോളനി ഭാഗത്തേക്ക് നീങ്ങി എന്നതായിരുന്നു വനംവകുപ്പിന്റെ ആദ്യ നിഗമനം. എന്നാൽ ശങ്കരപണ്ഡിയൻ മെട്ടിൽ ആനയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ അവിടേക്ക് തിരിച്ചു. ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. അരിക്കുമ്പനെ കണ്ടെത്തിയാൽ സാഹചര്യങ്ങൾ പരിശോധിച്ച് തുടർ നീക്കങ്ങൾ ഉണ്ടാകും.