Kerala

അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റി; ഉടൻ കാട്ടിലേക്ക് മാറ്റും

മയക്കുവെടി വെച്ച അരിക്കൊമ്പനെ അനിമൽ ആംബുലൻസിലേക്ക് കയറ്റി. മേഘമല കാട്ടിലേക്ക് ആനയെ മാറ്റാനാണ് സാധ്യത. ആരോഗ്യനില മെച്ചമെങ്കിൽ വാൽപ്പാറ സ്ലിപ്പിലേക്ക് മാറ്റാനും സാധ്യത. തമിഴ്നാടിന്റെ ആനപരിപാലന കേന്ദ്രമാണ് വാൽപ്പാറ സ്ലിപ്പ്. ആനയുടെ ആരോഗ്യം പരിശോധിച്ച് യാത്ര ചെയ്യാനുള്ള ശേഷി ഉണ്ടെകിൽ മാത്രമേ വാൽപ്പാറയിലേക്ക് കൊണ്ട് പോകുകയായുള്ളു. മൂന്നാമത്തെ ഡോസ് വെടിവെച്ചതിന് ശേഷമാണ് ആനയുടെ കാലിൽ വടം കെട്ടുന്നത്. ഇരു വശത്തും പുറകിലും കുങ്കിയാനകൾ നിലകൊണ്ടാണ് ആനയെ അനിമൽ ആംബുലൻസിൽ കയറ്റിയത്.

ഇന്ന് രാത്രി പന്ത്രണ്ടരയോടെയാണ് മയക്കുവെടി വെച്ചത്. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാൽ മയക്കു വെടി വയ്ക്കാനുള്ള സംഘം സജ്ജമായിരുന്നു. അതിനെ തുടർന്നാണ് തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപമെത്തിയ ആനക്ക് നേരെ വെടി വെക്കുന്നത്. ഡോക്ടർ കലൈവാനാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ നടന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്. മൂന്ന് ഡോസ് മയക്കു വെടി വെച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ അനിമൽ ആംബുലൻസ് എത്തി.

ഇടുക്കി ചിന്നക്കനാലിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ച ആന തമിഴ്നാട് കമ്പത്ത് ഇറങ്ങി ഭീതി ജനിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന്, ആനയെ മയക്കുവെടി വെക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. കൂടാതെ, ആനയുടെ ആക്രമണത്തിന് ഇരയായ ഒരാൾ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.