പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇന്നലെ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തി. ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിരികെ കാട്ടിലേക്ക് തുരത്തി. തമിഴ്‌നാട് വനമേഖലയില്‍ തുടരുകയാണ് നിലവില്‍ അരിക്കൊമ്പന്‍.
മഴ മേഘങ്ങള്‍ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി ലഭിക്കാന്‍ വൈകുന്നുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് വരെ പെരിയാര്‍ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പന്‍. അതിനുശേഷമായിരിക്കാം തമിഴ്‌നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ജനവാസ മേഖലയില്‍ എത്തിയ ആനയെ നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് കാട്ടിലേക്ക് തിരികെ തുരത്തിയത്. മണലൂര്‍ ഭാഗത്തെ തോട്ടം മേഖലയിലെ തൊഴിലാളികളും ഇതോടെ കടുത്ത ആശങ്കയിലാണ്. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ കടക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങളുടെ ആശങ്ക.