നയപ്രഖ്യാപന പ്രസംഗത്തിൽ എതിർപ്പ് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വനിയമ ഭേദഗതിക്കെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന് ഗവർണർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ നിയമസഭയിൽ ഉന്നയിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ നിലപാടിനെതിരെ ആവർത്തിച്ച് രംഗത്തെതിയതിന് തുടർച്ചയായാണ് നയപ്രഖ്യാപന പ്രസംഗത്തിലും ഗവർണർ ഉടക്കുവെച്ചത്.
പൗരത്വ നിയമം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതല്ല. പോരാത്തതിന് വിഷയം കോടതിയുടെ പരിഗണനയിലുമാണ്. ഇത് കോടതിയലക്ഷ്യമാവുമോ എന്നും പരിശോധിക്കണം. അതിനാൽ നിയമത്തെ തുറന്നെതിർക്കുന്ന പരാമർശങ്ങൾ പ്രസംഗത്തിൽ വരുന്നത് അനുചിതമെന്നാണ് ഗവര്‍ണറുടെ വാദം. ഗവർണർ വിയോജിച്ചാലും പ്രസംഗത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ വായിക്കണമെന്ന സ്പീക്കറുടെ റൂളിങ്ങാണ് സർക്കാരിന് പിൻബലം. നിലപാടിൽ സർക്കാറും ഗവർണറും ഉറച്ചുനിന്നാൽ വിഷയം കൂടുതൽ സങ്കീർണമാകും.