പൗരത്വ നിയമ ഭേദഗതിയോടുളള നിലപാട് സംബന്ധിച്ച് ഗവർണർക്കും സംസ്ഥാന സർക്കാരിനും ഇടയിൽ രൂപപ്പെട്ട ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. രാഷ്ട്രീയ പരാമർശങ്ങൾക്ക് ഗവർണർ അതേ നാണയത്തിൽ മറുപടി നൽകുന്നത് ഇതുവരെയില്ലാത്ത കീഴ് വഴക്കമാണെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന തരത്തിൽ ഗവർണർ പ്രസ്താവന നടത്തിയത് ഭരണത്തിലുള്ള കൈകടത്തലായിട്ടാണ് സർക്കാർ വൃത്തങ്ങൾ കാണുന്നത്.
സംസ്ഥാനത്തെ ഭരണഘടന തലവനായ ഗവർണർ നിയമസഭയേയും സർക്കാരിനേയും പരസ്യമായി തള്ളിപ്പറയുന്നത് സംഘ പരിവാർ നീക്കങ്ങളുടെ ഭാഗമായിട്ടാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. ഗവർണ്ണർ സംസ്ഥാന ബിജെപി അധ്യക്ഷനെ പോലെ പെരുമാറുന്നുവെന്ന കോടിയേരിയുടെ പ്രസ്താവന ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതും. ഇന്നലെ രാത്രി മറുപടിയുമായി ഗവർണർ രംഗത്ത് വന്നതും ഗൗരവമായിട്ടാണ് സി പി എം കാണുന്നത്. താനാണ് ഭരണഘടന തലവനെന്നും, താൻ ഇനിയും അഭിപ്രായങ്ങൾ പറയുമെന്നും വ്യക്തമാക്കിയ ഗവർണർ പിന്നോട്ടില്ലെന്ന് സൂചന നൽകിക്കഴിഞ്ഞു.
അധികാരി താനാണെന്ന് സ്ഥാപിക്കാനുള്ള ഗവർണ്ണറുടെ നീക്കങ്ങൾ അതീവ ഗൗരവമായിട്ടാണ് സിപിഎമ്മും, സർക്കാരും കാണുന്നത്. ഗവർണറുടെ രാഷ്ട്രീയ ചായ്‍വ് തുറന്ന് കാണിക്കുന്ന സമീപനം ഇനിയുമുണ്ടാകുമെന്ന സൂചന നേതാക്കളും നൽകുന്നുണ്ട്. ഗവർണർക്കും അവരുടെ നടപടികൾക്കും എതിരായ വിമർശനങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ മോശമായ അന്തരീക്ഷം രൂപപ്പെടുന്നത് ഇതാദ്യമായിട്ടാണ്.