പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നടനും മുന്‍ എം.പിയുമായ സുരേഷ്‌ഗോപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം മറക്കില്ലെന്നും, മണിപ്പൂര്‍ കലാപത്തെ കേരളത്തില്‍ മറച്ച് പിടിക്കാന്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷി പ്രത്യേക താല്‍പര്യമെടുക്കുന്നുവെന്നുമുള്ള വിമര്‍ശനത്തില്‍ മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാവുമെന്നും അതിരൂപത ആരോപിക്കുന്നു. മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബര്‍ ലക്കത്തില്‍ മുഖലേഖനത്തിലാണ് വിമര്‍ശനവും മുന്നറിയിപ്പും നല്‍കുന്നത്. (Archdiocese of Thrissur against Suresh Gopi and BJP)
അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത് അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങള്‍ ഉണ്ട്’ എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് അതിരൂപതയെ ചൊടിപ്പിച്ചത്. തൃശൂരിനെ എടുക്കാന്‍ അഗ്രഹിക്കുന്ന ബിജെപി നേതാവ് സിനിമാ ഡയലോഗ് പോലെ നടത്തിയ പ്രസ്താവന ഇതിന് തെളിവാണെന്ന് നടന്‍ സുരേഷ്‌ഗോപിയെ പേരെടുത്ത് പരാമര്‍ശിക്കാതെ മുഖലേഖനം വിമര്‍ശിക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സഹകാരി സംരക്ഷണ പദയാത്രയുടെ തൃശൂരിലെ സമാപനത്തിലായിരുന്നു മണിപ്പൂരുമായി ബന്ധപ്പെട്ട സുരേഷ്‌ഗോപിയുടെ വിവാദ പ്രസ്താവന.
മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോയെന്നാണ് ജനം തിരിച്ചു ചോദിക്കുന്നതെന്ന് അതിരൂപത തിരിച്ചടിച്ചു. അതല്ല, ഞങ്ങള്‍ മണിപ്പൂര്‍ ആവര്‍ത്തിക്കുമെന്നും ഇവിടെയും വോട്ട് ചെയ്ത് ഞങ്ങളെ ജയിപ്പിക്കുക ഭരണം കിട്ടിയാല്‍ കേരളവും മണിപ്പൂരാക്കി തരാം എന്നതാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. മണിപ്പൂരിലെ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അക്രമകാരികള്‍ക്കുള്ള ലൈസന്‍സ് ആയിരുന്നു. അത് ജനാധിപത്യ ബോധമുള്ളവര്‍ക്ക് അത്രവേഗം മറക്കാന്‍ പറ്റുന്നതല്ല. അതിനാല്‍ മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. സ്വന്തം പാര്‍ട്ടിക്ക് തൃശൂരില്‍ പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ പ്രസ്താവനക്കാരന്‍ തൃശൂരില്‍ ആണാകാന്‍ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ തന്നെ കൗതുകമുയര്‍ത്തിയിട്ടുണ്ട്. മണിപ്പൂര്‍ കലാപത്തെ ഫലപ്രദമായി തടയാന്‍ കേന്ദ്രത്തിലെ ‘ആണുങ്ങള്‍ക്ക്’ സാധിച്ചില്ല എന്നത് ലോക ജനത തിരിച്ചറിഞ്ഞതാണ്. യൂറോപ്യന്‍ പാര്‍ലമെന്റ് വരെ ഇക്കാര്യത്തില്‍ ഇന്ത്യക്കെതിരെ പ്രമയേം പാസാക്കി. മണിപ്പൂരില്‍ കലാപത്തിന് കോപ്പുകൂട്ടുന്നത് അറിയാഞ്ഞിട്ടല്ല, തടയാന്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തുന്ന ബിജെപിക്ക് മനസുണ്ടായില്ലെന്നാണ് ബോധ്യമാവുന്നതെന്നും അതിരൂപത പറയുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല. സമാധാനം പുനസ്ഥാപിക്കാന്‍ ഒരക്ഷരം ഉരിയാടിയില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഒന്നിലധികം തവണ ഇടപെട്ടു. സ്വന്തം രാജ്യത്ത് മൂക്കിന് താഴെ മാസങ്ങളോളം കലാപം ആളിക്കത്തിയിട്ട് ഒരു വിഭാഗത്തെ തുടച്ചുനീക്കുന്നത് വരെ അദ്ദേഹം മിണ്ടാതിരുന്നു. മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ മണിപ്പൂരില്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് മൗനം പാലിച്ചിരുന്നുവെന്നത് ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാകും. ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലും ഹിന്ദു വര്‍ഗീയ വാദികള്‍ അഴിഞ്ഞാടുമ്പോള്‍ ഈ മൗനം പ്രകടമാകുന്നുണ്ട്. രാഷ്ട്രത്തിന്റെ ഭരണാധികാരികള്‍ തങ്ങളുടെ പാര്‍ട്ടിയുടേയോ മതത്തിന്റെയോ മാത്രം താല്‍പര്യം സംരക്ഷിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല.ജനങ്ങളുടെ ജീവനും സ്വത്തും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള രാജധര്‍മം നിര്‍വഹിക്കേണ്ടവരാണ്. മണിപ്പൂരിലെ വംശഹത്യ നിയന്ത്രിക്കാന്‍ ബിജപി സര്‍ക്കാര്‍ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണെന്നും അതിരൂപത കുറ്റപ്പെടുത്തി.