Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുകൂല ഘടകം; ആറന്മുളയില്‍ പ്രതീക്ഷയുമായി കോണ്‍ഗ്രസ്

സ്ഥാനാര്‍ഥികള്‍ക്കൊപ്പം സാമുദായിക പരിഗണനകളും പ്രധാനമായ ആറന്മുള മണ്ഡലത്തില്‍ ഇത്തവണയും പോരാട്ടം കനക്കുമെന്ന് ഉറപ്പ്. തദേശ തെരഞ്ഞെടുപ്പിലെ വോട്ട് വർധനവിൽ യു.ഡി.എഫ് പ്രതീക്ഷ വെയ്ക്കുമ്പോൾ, സിറ്റിങ് എം.എൽ.എ വീണ ജോർജിന്‍റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലാണ് ഇടതു പ്രതീക്ഷ. മൂന്നിലേറെ പേര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ലിസ്റ്റിലുണ്ടെങ്കിലും വീണ ജോര്‍ജിന് തന്നെയാവും ഇത്തവണയും എല്‍.ഡി.എഫ് അവസരം നല്‍കുക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം അട്ടിമറി വിജയം നേടിയ ആറന്മുളയില്‍ ഇത്തവണ വീണ്ടും ജയിച്ച് കയറാനാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. എ ഗ്രൂപ്പ് – നായര്‍ സമവാക്യങ്ങള്‍ പലവട്ടം കരുത്ത് തെളിയിച്ച മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ 800ല്‍ അധികം വോട്ടിന്‍റെ ഭൂരിപക്ഷവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു. കെ.പി.സി.സി നേതാക്കളായ കെ ശിവദാസന്‍ നായര്‍, പി. മോഹന്‍ രാജ്, പഴകുളം മധു തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്ന മണ്ഡലത്തില്‍ ആരെ പരിഗണിക്കുമെന്നതാണ് നേതൃത്വത്തിനു മുന്നിലുള്ള പ്രശ്നം.

എ ഗ്രൂപ്പ് കാരായ ശിവദാസന്‍ നായരും മോഹന്‍ രാജും മത്സരിക്കാന്‍ താല്‍പര്യമറിയിച്ച മണ്ഡലത്തില്‍. കോന്നി ഉപതെരഞ്ഞെടുപ്പിലെ ധാരണകള്‍ പ്രകാരം ഐ ഗ്രൂപ്പ് കാരനായ പഴകുളം മധുവിനും സാധ്യതകളുണ്ട്. സ്ഥാനാര്‍ഥികളുടെ ബാഹുല്യം കൊണ്ട് യു.ഡി.എഫ് തല പുകക്കുന്ന മണ്ഡലത്തില്‍ എല്‍.ഡി.എഫിനെ സംബന്ധിച്ച് സ്ഥാനാര്‍ഥി നിര്‍ണയം എളുപ്പമാണ്. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയും സിറ്റിംഗ് എം.എല്‍.എ വീണ ജോര്‍ജിന് അനുകൂലമാകുമ്പോള്‍. ഇടതു സ്ഥാനാര്‍ഥിയെ ചൊല്ലി തര്‍ക്കങ്ങളില്ലെന്നാണ് എല്‍.ഡി.എഫ് ക്യാമ്പില്‍ നിന്നുള്ള സൂചന.

വര്‍ഷങ്ങളായി എ ക്ലാസ് മണ്ഡലമായി കരുതുന്ന ആറന്മുളയില്‍ സംസ്ഥാന നേതാക്കളായ എം.ടി രമേശ് , ജോര്‍ജ് കുര്യന്‍ , നടന്‍ സുരേഷ് ഗോപി എം.പി തുടങ്ങിയവരുടെ പേരുകളാണ് ബി.ജെ.പി പരിഗണിക്കുന്നത്. എന്നാല്‍ വോട്ട് വര്‍ധനവില്‍ കാര്യമായ പുരോഗതിയുള്ള മണ്ഡലത്തില്‍ പ്രാദേശിക നേതാക്കളുടെയും ആര്‍.എസ്.എസിന്‍റെയും അഭിപ്രായം പരിഗണിച്ചാവും പാര്‍ട്ടിയുടെ അന്തിമ തീരുമാനം.