Kerala

17 കോടി ചെലവിട്ട് നിർമിച്ച കെട്ടിടം; ആറളം ഫാം പുനരധിവാസ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ച സ്‌കൂൾ പ്രവർത്തനം തുടങ്ങുന്നതിൽ അനിശ്ചിതത്വം

ആറളം ഫാം പുനരധിവാസ മേഖലയിൽ നിർമ്മാണം പൂർത്തീകരിച്ച മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുന്നതിൽ അനിശ്ചിതത്വം. 17 കോടി 39 ലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ പരിസരം കാടുകയറി. പുതിയ അധ്യായന വർഷം പ്രവർത്തനമാരംഭിക്കാൻ കഴിയും വിധമാണ് നിർമ്മാണം പൂർത്തീകരിച്ച് പട്ടികവർഗ്ഗ വകുപ്പിന് കൈമാറിയത്. 

കിഫ്ബി ഫണ്ടിൽനിന്ന് 17കോടി 39 ലക്ഷം രൂപ ചിലവഴിച്ചാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽ കെട്ടിടം നിർമ്മിച്ചത്. മോഡൽ റസിഡൻഷ്യൽ സ്‌കൂളിനായി അത്യാധുനിക നിലവാരത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. 2018-ൽ നിർമ്മാണം തുടങ്ങി 2021ൽ പ്രവർത്തി പൂർത്തീകരിച്ചു. പട്ടികവർഗ്ഗ വകുപ്പിന് കൈമാറി രണ്ടുവർഷമാകുമ്പോഴും അനിശ്ചിതത്വം തുടരുന്നു.

350 വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. എന്നാൽ പദ്ധതി പൂർത്തീകരിച്ചിട്ടും എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ വകുപ്പിന് വ്യക്തതയില്ല.

തിരുവനന്തപുരത്തെ വകുപ്പിന് കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂൾ ആറളത്തേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്. എന്നാൽ തിരുവനന്തപുരത്ത് പ്രതിഷേധം കനത്തതോടെ പ്രതിസന്ധി. അവ്യക്തത തുടരുന്നതിനാൽ റോഡ് നിർമ്മാണം അടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. മേഖലയിലെ രൂക്ഷമായ കാട്ടാന ശല്യവും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. പദ്ധതി ആസൂത്രണത്തിൽ അടക്കം പാളിച്ചയെന്നും ആക്ഷേപം.