കണ്ണൂർ ആറളം ഫാമിൽ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കോൺക്രീറ്റ് ആനമതിൽ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം കൃഷിയിടത്തിൽ താവളമാക്കിയ ആനകളെ മുഴുവൻ കാട്ടിലേക്ക് തുരത്തുന്നതിനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
കണ്ണൂർ ജില്ലയിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ കാട്ടാനകൾ കവർന്നത് 16 ജീവനുകളാണ്. ഇതിലേറെയും ആറളം ഫാം മേഖലയിൽ. കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ ചെത്തുതൊഴിലാളി റിജേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ ആനകളേയും കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ വനംവകുപ്പ് സജീവമാക്കിയത്.
ഫാമിലെയും സമീപ മേഖലകളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺക്രീറ്റ് മതിൽ പൂർത്തീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ജനപ്രതിനിധികളുടെ യോഗത്തിലും സമാന നിർദേശം ഉയർന്നു. ഇതിനകം വനത്തിലേക്ക് തുരത്തിയ ആനകൾ, വനാതിർത്തിയിൽ കാര്യമായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പതിവ് പോലെ മടങ്ങിവരാനും സാധ്യതയേറെയാണ്. ശാശ്വത പരിഹാരത്തിനായി പ്രത്യേക മാസ്റ്റർപ്ലാൻ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.