Kerala

തട്ടിപ്പ് നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ രാജിവച്ചു

മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ കെ ടി അബ്ദുള്‍ ലത്തീഫ് രാജിവച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി എന്നാണ് സൂചന. അതേസമയം കാലാവധി കഴിഞ്ഞതിനാലാണ് രാജി എന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം. എപി അബ്ദുള്‍ അസീസ് പുതിയ പ്രസിഡന്റ് ആയേക്കുമെന്നാണ് വിവരം.(AR nagar bank fraud)

സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളില്‍ ഏറ്റവും വലിയ തട്ടിപ്പാണ് മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്.
ജില്ലയിലെ എല്‍ഡിഎഫിലെയും യുഡിഎഫിലെയും നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപമുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ റെയ്ഡില്‍ 110 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഞ്ഞൂറ് കോടി രൂപയോളം ക്രമക്കേട് നടന്നെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ കണ്ടെത്തിയത്.

കഴിഞ്ഞ ജനുവരിയിലാണ് കണ്‍കറന്റ് ഓഡിററര്‍ ഡി ബിന്ദുവിന്റെ നേതൃത്വത്തില്‍ ബാങ്കിലെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് നല്‍കിയത്. പത്ത് വര്‍ഷത്തിനിടെയുണ്ടായ കാലയളവിലാണ് തട്ടിപ്പ് നടന്നത് എന്നാണ് കണ്ടെത്തല്‍. സെക്രട്ടറിയായിരുന്ന ഹരികുമാറിന് വേണ്ടി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുണ്ടായി എന്നായിരുന്നു ആരോപണം.