സാങ്കേതിക കുരുക്ക് കാരണം ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് എടുക്കാനാവാതെ അപേക്ഷകര്‍. ടെസ്റ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലോഗൌട്ടാവുന്നതാണ് കാരണം .ഇത് മൂലം ടെസ്റ്റിനായി വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കേണ്ട സ്ഥിതിയിലാണ് അപേക്ഷകർ. കോവിഡ് കാലമായതിനാല് ലേണേഴ്സ് ടെസ്റ്റ് ഇപ്പോള്‍ ഓണ്‍ലൈനാണ്. അപേക്ഷ നല്‍കി ഏറെ വൈകിയാണ് ടെസ്റ്റിനുള്ള തിയതി ലഭിക്കുക.
വൈകിട്ട് 6 മണി മുതല്‍ രാത്രി 12 വരെയുള്ള സമയത്താണ് ടെസ്റ്റ്. മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഓണ്‍ലൈന്‍ ടെസ്റ്റ് അറ്റന്‍റ് ചെയ്യാം.രജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് പാസ് വേഡ് നേരത്തെ ലഭിക്കും. പരീക്ഷ സമയത്ത് ഒടിപിയും. എന്നാല്‍ ഇതു രണ്ടും യഥാ സമയത്ത് ലഭിക്കാത്തതിനാല്‍ പലര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാതെയും വരുന്നുണ്ട്. ഇതെല്ലാം ലഭിച്ചവര്‍ക്ക് ടെസ്റ്റ് പൂര്‍ത്തിയാകും മുന്നേ ലോഗൌട്ട് ആകുന്നതാണ് പ്രതിസന്ധി. പ്രശ്നം കണക്കിലെടുത്ത് നാലു തവണ ലോഗിന്‍ ചെയ്യാനുള്ള സൌകര്യം മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതും പര്യാപത്മല്ലെന്നാണ് ആക്ഷേപം.
സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ടെസ്റ്റ് പാസാവാതെയിരുന്നാലും വീണ്ടും അപേക്ഷ നല്‍കണം. പക്ഷേ ഒരു മാസമെങ്കിലും കഴിഞ്ഞാലേ അടുത്ത ടെസ്റ്റില്‍ പങ്കെടുക്കാനാകൂ. .ഇത് അപേക്ഷകരുടെ പണവും സമയവും ഒരു പോലെ അപഹരിക്കുമെന്നാണ് ആക്ഷേപം.