സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാം മാനേജ്മെന്റിലെ പിഴവാണ് പ്രളയത്തിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹരജികൾ ബെഞ്ചിലെത്തുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും ഡാം മാനേജ്മെന്റിലെ പിഴവ് പരിശോധിക്കണമെന്നും ഹരജികളില്‍ ആവശ്യപ്പെടുന്നു.
ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ അടക്കമുളളവർ സമർപ്പിച്ച മുപ്പതോളം ഹരജികളാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളണം എന്നാണ് സർക്കാർ നിലപാട്.