അഴിമതി പണം വെളുപ്പിക്കാൻ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് കാണിച്ചുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.
പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയിൽ നിന്നും ലഭിച്ച തുക പണം വെളുപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ പണം നിക്ഷേപിച്ചതെന്ന് ഹരജിയില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സർക്കാർ അനുമതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചത്.