Kerala

ബാറുകളിൽ നിന്നുള്ള പാഴ്സലിനും ആപ്പ്; ഒരാൾക്ക് മൂന്ന് ലിറ്റർ വരെ മദ്യം വാങ്ങാം

കേരളത്തിൽ മദ്യശാലകള്‍ ഏത് ദിവസം തുറക്കുമെന്ന് തീരുമാനിച്ചില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഏത് ദിവസം തുറക്കുമെന്ന് പറയും. ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്നും പാഴ്സല്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു

ഓണ്‍ലൈനായി ടോക്കണ്‍ നല്‍കി മദ്യം ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. മദ്യത്തിനുള്ള വില വര്‍ധനവ് താത്കാലികമാണ്. കള്ളിന്‍റെ ക്ഷാമം വരും ദിവസങ്ങളില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു

ബെവ്കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്‍റെയും 301 ഔട്ട് ലെറ്റുകള്‍ക്ക് പുറമെ ബാറുകളിലെ കൌണ്ടര്‍ വഴിയും മദ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മൊബൈല്‍ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യുമ്പോള്‍ ടോക്കണ്‍ ലഭിക്കും. അനുവദിച്ചിട്ടുള്ള സമയത്ത് ഔട്ട് ലെറ്റില്‍ പോയി പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്. ഓരോ മണിക്കൂറിലും നിശ്ചിത ആളുകള്‍ക്കാണ് ടോക്കണ്‍ നല്‍കുന്നത്. ഒരു സമയം അഞ്ച് പേരെ മാത്രമേ ഔട്ട് ലെറ്റില്‍ അനുവദിക്കൂ.

ഒരു ദിവസം മദ്യം വാങ്ങുന്നയാള്‍ക്ക് അ‍ഞ്ച് ദിവസത്തിന് ശേഷം മാത്രമേ വീണ്ടും അവസരം ലഭിക്കൂ. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യമാണ് ഒരു സമയം അനുവദിക്കുന്നത്. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകും. ബാറുകളിലെ കൌണ്ടര്‍ വഴി മദ്യം ലഭ്യമാകുന്നതിനും മൊബൈല്‍ ആപ്പ് തന്നെ ഉപയോഗിക്കണം. ബിവറേജ് ഔട്ട് ലെറ്റിലെ അതേ വിലയ്ക്കാണ് ബാറുകളില്‍ നിന്നും മദ്യം ലഭിക്കുക.

മദ്യത്തിന്‍റെ വിലയില്‍ 60 രൂപ മുതല്‍ 200 രൂപ വര്‍ധനവ് ഉണ്ടാകും. ബിയറിനും വൈനിനും 10 ശതമാനവും വില വര്‍ധിക്കും. നിലവിലെ പ്രതിസന്ധി പരിഗണിച്ച് താല്‍ക്കാലികമാണ് വിലവര്‍ധനയെന്ന് മന്ത്രി പറഞ്ഞു. ഷാപ്പുകളില്‍ അനുഭവപ്പെടുന്ന കള്ള്ക്ഷാമം വരും ദിവസങ്ങളില്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.