ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. വിഷയത്തില്‍ ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ആരോപണവിധേയനായ സിഎയെ ഇതുവരെ സ്റ്റേഷന്‍ ചാര്‍ജില്‍ നിന്നും മാറ്റിയിട്ടില്ല. സിഐയെ കൃത്യമായി ആരോ സംരക്ഷിക്കുന്നുണ്ടെന്നും എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.
‘മോഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ ആ പൊലീസുകാരനെതിരെയും എഴുതിയിട്ടുണ്ട്. മലയിന്‍കീഴ് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ എന്നെ വിളിച്ചിരുന്നു. അവര്‍ പറഞ്ഞത്, എന്റെ മകളോടും ആ സിഐ നീതികേടുകാണിച്ചു. അയാളെ ഒരിക്കലും വെറുതെ വിടരുത് എന്നാണ്. ഇന്നലെ തന്നെ അയാളെ ചുമതലകളില്‍ നിന്നൊഴിവാക്കി എന്നുപറയുന്നത് തെറ്റാണ്. ഇന്നലെ രാത്രി 10.15ന് റൂറല്‍ എസ്പി കാര്‍ത്തിക്കിനോട് സംസാരിച്ചപ്പോള്‍ അറിഞ്ഞത് അയാള്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല എന്നാണ്.
ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന് മനസിലാക്കുന്നില്ല. ആത്മഹത്യാ കുറിപ്പില്‍ പേരു പരാമര്‍ശിക്കപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന് നാളെ ഒരാള്‍ എങ്ങനെ പരാതി നല്‍കും? ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയിട്ടും അതേ സ്ഥാനത്ത് തുടര്‍ന്നെങ്കില്‍ അന്ന് സംരക്ഷിച്ചവര്‍ തന്നെയാണ് ഇന്നും സംരക്ഷണമൊരുക്കുന്നത്’. എംഎല്‍എ ആരോപിച്ചു.
ഉത്ര കൊലക്കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആരോപണ വിധേയനായ എല്‍.സുധീര്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്ര കേസില്‍ ഇയാളുടെ വീഴ്ചയെപ്പറ്റിയുള്ള ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്. അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് ഇതിനു മുന്‍പും സുധീര്‍ വിവാദം ഉണ്ടാക്കിയിട്ടുണ്ട്. 2020 ജൂണില്‍ നടന്ന ഈ സംഭവത്തില്‍ അന്ന് അഞ്ചല്‍ സിഐ ആയിരുന്ന ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു. കൊല്ലം റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇയാള്‍ ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാര്‍ശ.
അതിനിടെ മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു.