കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന ഫ്ലൈറ്റ് എഞ്ചിനീയര്‍ അനൂപിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് കുടുംബം. കൊല്ലം അഞ്ചലിലെ വീട്ടിലുള്ള ബന്ധുക്കളെ ഇന്നലെ ഉച്ചയോടെയാണ് അനൂപ് മരിച്ചതായി അറിയിച്ചത്. അനൂപ് ഉള്‍പ്പെട്ട വിമാനം കാണാതായതിന് പിന്നാലെ സഹോദരനും അടുത്ത ബന്ധുക്കളും അസമിലേക്ക് പുറപ്പെട്ടിരുന്നു.
അനൂപ് ഉള്‍പ്പെട്ട വ്യോമസേന വിമാനം കാണാതായെന്ന വാര്‍ത്ത കേട്ടത് മുതല്‍ വീട്ടിലേക്ക് സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും ഓടിയെത്തിയിരുന്നു. ആലഞ്ചേരിയിലെ അമ്മാവന്റെ വീട്ടില്‍ നിന്നാണ് അനൂപ് വളര്‍ന്നതും പഠിച്ചതും. ഇവിടേക്കെത്തുന്നവരോടൊക്കെ അനൂപ് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു ബന്ധുക്കള്‍ പങ്കുവെച്ചത്. എന്നാല്‍ കേള്‍ക്കാന്‍ ഒട്ടും ആഗ്രഹിക്കാത്ത വാര്‍ത്ത കേട്ട് തളര്‍ന്നിരിക്കുകയാണ് ഈ കുടുംബം. ആലഞ്ചേരിയില്‍ സ്വന്തമായി പണി കഴിപ്പിച്ച വീട്ടില്‍ ഒന്നര മാസം മുന്‍പ് അനൂപ് എത്തിയിരുന്നു.
ആറു മാസം പ്രായമായ മകളുടെ ചോറൂണ് നടത്തിയ ശേഷം ഭാര്യയെയും മകളെയും അസമിലെ ജോലി സ്ഥലത്തേക്ക് ഒപ്പം കൂട്ടി. അനൂപിനെ കാണാതായെന്നറിഞ്ഞതിന് പിന്നാലെ സഹോദരന്‍ അനീഷും അനൂപിന്റെ ഭാര്യാമാതാവും അടുത്ത ബന്ധുവും അസമിലേക്ക് പോയിരുന്നു. അസമിലുള്ള ഇവരാണ് നാട്ടിലുള്ള ബന്ധുക്കളെ മരണവാര്‍ത്ത അറിയിച്ചത്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ ഡിഗ്രി പഠനത്തിനിടെയാണ് അനൂപ് വ്യോമസേനയില്‍ ചേരുന്നത്. പതിനൊന്നു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന അനൂപ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.