സീറ്റ് തര്‍ക്കത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. കോട്ടയം സീറ്റില്‍ മാണി ഗ്രൂപ്പ് മത്സരിച്ചാല്‍ ജോസഫ് വിഭാഗം പാര്‍ട്ടി വിടുമെന്നാണ് സൂചന. സീറ്റ് ആവശ്യം പരസ്യമായി പി.ജെ ജോസഫ് ഉന്നയിച്ചു കഴിഞ്ഞു. ലയന ശേഷം കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ഇരു വിഭാഗവും വിലയിരുത്തുന്നത്.
രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതിന് പിന്നാലെ ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാകാന്‍ നടത്തുന്ന നീക്കങ്ങളാണ് പി.ജെ ജോസഫിനെയും കൂട്ടരേയും ചൊടിപ്പിച്ചത്. ജോസ് കെ മാണിയെ ചെയര്‍മാനാക്കുമ്പോള്‍ ഗ്രൂപ്പുകാരെ കൂടെ നിര്‍ത്താന്‍ പ്രധാന നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും സീറ്റ് നല്‍കാനാണ് മാണിയുടെ നീക്കം. എന്നാല്‍ ലയനത്തിന് ശേഷം കാര്യമായ നേട്ടങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാണ് പി.ജെ ജോസഫ് എതിര്‍പ്പ് ശക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോക് സഭ സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന വാശിയിലാണ് ജോസഫ് വിഭാഗം.
ഈ സാഹചര്യത്തിലാണ് രണ്ട് സീറ്റെന്ന ആവശ്യം മാണി മുന്നോട്ട് വെക്കുന്നത്. ഇത് ലഭിച്ചില്ലെങ്കില്‍ സീറ്റിനെ ചൊല്ലി പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പാണ്. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായാല്‍ ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലെത്തിക്കാനുള്ള നീക്കങ്ങളും ഇതോടെ ആരംഭിച്ചിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തുകയും ചെയ്തു.
കോട്ടയത്തോ ഇടുക്കിയിലോ ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയ്യാറായാല്‍ അത് കേരള കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. നിലവില്‍ ഇടുക്കി സീറ്റാണ് ജോസഫ് വിഭാഗം നോക്കുന്നത്. കോട്ടയം മാത്രമേ നല്‍കാനാകൂ എന്ന് യു.ഡി.എഫ് പറഞ്ഞാല്‍ അത് കേരള കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകും.