Kerala

തൊണ്ടിമുതലായിരുന്ന അടിവസ്ത്രം വെട്ടിതയ്ച്ച് കൊച്ചു കുട്ടികളുടേത് പോലെയാക്കി; ആന്റണി രാജുവിനെതിരായ കേസ് ഇങ്ങനെ

മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണക്കേസിൽ എഫ്‌ഐആർ റദ്ദാക്കുന്നത് ഇന്നലെയാണ്. എഫ്.ഐ.ആർ റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാലാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. 32 വർഷം മുൻപുള്ള കേസാണ്് ഇപ്പോഴും കോടതിയുടെ പരിഗണനയിലുള്ളത്. അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിൽ പിടിച്ച പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. 

ആ കേസ് ഇങ്ങനെ

1990 ഏപ്രിൽ 4നാണ് കേസിനാസ്പദമായ സംഭവം. അന്നാണ് അടിവസ്ത്രത്തിൽ 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച ഓസ്‌ട്രേലിയൻ സ്വദേശിയായ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. 1990ൽ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രുവിന്റെ വക്കാലത്ത് ആന്റണി രാജു എടുത്തു.

കേസിൽ വിദേശ പൗരനെതിരായ പ്രധാന തെളിവുകളിലൊന്ന് തൊണ്ടിമുതലായ അടിവസ്ത്രമായിരുന്നു. ഇത് കൈക്കലാക്കാൻ ആന്റണി രാജു സ്വന്തം കൈപ്പടയിൽ രേഖകളിൽ ഒപ്പിട്ട് നൽകിയിരുന്നു. തൊണ്ടി മുതലുകളെല്ലാം സൂക്ഷിക്കുന്ന തൊണ്ടി സെക്ഷൻ സ്റ്റോറിൽ നിന്ന് തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ് ജോസിന്റെ സഹായത്തോടെ ആന്റണി രാജു അടിവസ്ത്രം കടത്തുകയായിരുന്നു. തുടർന്ന് അടിവസ്ത്രം വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി അത് പ്രതിക്ക് ഇടാൻ പാകത്തിനല്ലാതെയാക്കിയെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. കൃത്രിമം നടത്തിയ ശേഷം തൊണ്ടി സെക്ഷനിൽ അടിവസ്ത്രം തിരികെ ഏൽപ്പിക്കുകയും ചെയ്തു.

ആന്റണി രാജു ഏറ്റെടുത്ത കേസ് തോറ്റുവെങ്കിലും വിദേശ പൗരൻ കുഞ്ഞിരാമ മേനോൻ എന്ന വക്കീലിന്റെ സഹായത്തോടെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. തുടർന്ന് നടത്തിയ വിസ്താരത്തിൽ കേസിലെ പ്രധാന തൊണ്ടി വസ്തുവായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന് കോടതിക്ക് ബോധ്യമായി. മെറ്റീരിയൽ ഒബ്ജക്ട് എന്ന് രേഖപ്പെടുത്തിയ തൊണ്ടി വസ്തുവായ അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ കഴിയില്ലെന്ന് പ്രതിയെ കൊണ്ട് ധരിപ്പിക്കാൻ ശ്രമിച്ച് ഹൈക്കോടി ഉറപ്പാക്കി. പിന്നാലെ വിദേശ പൊരനെ കോടതി വെറുതെ വിട്ടു. പിന്നാലെ ഓസ്‌ട്രേലിയക്കാരൻ ആൻഡ്രു രാജ്യം വിടുകയും ചെയ്തു.

ആന്റണി രാജുവിനെതിരായ ആരോപണം ഉയരുന്നു

ആന്റണി രാജുവിനെതിരെ ആരോപണം ഉയരുന്നത് ആ സമയത്താണ്. കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ സിഐ കെ.കെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തി. മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിഷയത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടു.

1994ൽ തുടങ്ങിയ കേസ് 2002 ൽ എത്തിയപ്പോൾ ആന്റണി രാജുവിനെതിരെ തെളിവില്ലെന്ന് കാണിച്ച് പൊലീസ് തന്നെ കേസ് അവസാനിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് ആന്റണി രാജു എംഎൽഎ ആയിരുന്നു. എന്നാൽ 2005 ൽ കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐജിയായിരുന്ന ടി.പി സെൻകുമാർ നിർദേശം നൽകി. തുടർന്ന് അസിസ്റ്റന്റ് കമ്മീഷ്ണർ വക്കം പ്രഭു നടപടി ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ് ജോസ്, ആന്റണി രാജു എന്നിവരുടെ പേരുകൾ ആദ്യമായി കേസുമായി ബന്ധപ്പെട്ട് ഉയരുന്നത്. 2006 ഫെബ്രുവരി 13ന് ഇവരെ ഒന്നും, രണ്ടും പ്രതികളാക്കി പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. കോടതിയെ വഞ്ചിച്ചു, ഗൂഢാലോചന നടത്തി എന്നിവയടക്കം ഗുരുതരമായ ആറ് കുറ്റങ്ങൾ ചേർത്താണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് 2006 മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

ആൻഡ്രുവിന്റെ അടിവസ്ത്രം തൊണ്ടി സെക്ഷനിൽ നിന്ന് എടുക്കുമ്പോഴും അത് തിരികെ കൊണ്ടുവയ്ക്കുമ്പോഴും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട രേഖയായിരുന്നു കേസിലെ പ്രധാന തെളിവ്.

കേസിന്റെ നിലവിലെ അവസ്ഥ

കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ച് മന്ത്രി ആന്റണി രാജുവിനെതിരായ എഫ്‌ഐ ആർ ഹൈക്കോടതി 2022 മാർച്ച് 11ന് റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നുവെന്ന സംഭവം ഗൗരവമുള്ളതാണ്. പ്രതികൾക്കെതിരെയുള്ളത് നിയമസംവിധാനത്തെ കളങ്കപെടുത്തുന്ന ആരോപണമാണ്. ജുഡീഷ്യൽ സംവിധാനത്തെ കളങ്കപെടുത്താൻ അനുവദിക്കരുത്.
യഥാർത്ഥ പ്രതികളെ കണ്ടെത്തി തക്കതായ ശിക്ഷ കൊടുക്കണം. ശരിയായ നീതി നിർവഹണം നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവാദിത്തപെട്ടവരിൽ നിന്ന് തുടർ നടപടികൾ ഉണ്ടാകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹൈക്കോടതി രജിസ്ട്രി ഉടൻ തുടർ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജുവും ബെഞ്ച് ക്ലാർക്ക് ജോസും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബഞ്ചിന്റേ ഉത്തരവ്.