ബസ് ചാർജ് വർധന മകരവിളക്കിന് ശേഷമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൺസഷൻ നിരക്ക് കൂട്ടേണ്ടി വരും. ഇന്നത്തേത് നിർണ്ണായക ചർച്ചയാണ്. വിദ്യാർത്ഥികളുടെ കൺസഷന്റെ കാര്യത്തിൽ സർക്കാരിന് എടുത്ത് ചാടാനാകില്ലെന്നും ബസുടമകളുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബസുടമകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്യും.
വിഷയത്തിൽ അന്തിമ തീരുമാനത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി ആന്റണി രാജു കൂട്ടിച്ചേർത്തു. സ്വകാര്യ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാർത്ഥി സംഘടനകളുമായും ചർച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം തേടുന്നതിനാണ് ബസ് നിരക്ക്
നിർദേശിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ചർച്ച നടത്തുന്നത്.
അതേസമയം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 21 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കിയിരുന്നു.